ഗുജറാത്തിൽ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കും വോട്ടുചെയ്യാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വിവാദത്തിൽ. കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കുടപിടിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എട്ടാം തീയതി ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ എംഎൽഎമാർക്കു നൽകുന്ന ബാലറ്റിൽ നോട്ട ഓപ്ഷനും ഉണ്ടാകും. ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ബൽവന്ത് സിങ് രാജ്പുത്ത് എന്നിവരാണ് മത്സരിക്കുന്നത്.
അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും വിജയം ഉറപ്പാണ്. നിലവിൽ അഹമ്മദ് പട്ടേലിനെ ജയിപ്പിക്കാനുള്ള അംഗബലം കോൺഗ്രസിന് ഉണ്ടെങ്കിലും കർണാടകത്തിലെ റിസോട്ടിൽ കഴിയുന്ന എംഎൽഎമാരുടെ നിലപാട് എന്തായിരിക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാർ രാംനാഥ് കോവിന്ദിന് വോട്ടുചെയ്തതാണ് പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. പാർട്ടി എംഎൽഎമാർ നോട്ടയിൽ വോട്ടുചെയ്താൽ അയോഗ്യരാകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണഘടനാ ഭേദഗതിയിലൂടെയല്ലാതെ നോട്ട നടപ്പിലാക്കാനാകില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിൽ രാഷ്ട്രീയമില്ലെന്നാണ് ബിജെപി നിലപാട്. എൻഡിഎ അധികാരത്തിലെത്തും ൻപാണ് നോട്ട നടപ്പിലാക്കാൻ സുപ്രീംകോടതി നിർദേശിച്ചതെന്ന് അരുൺ ജെയ്റ്റ്ലി വിശദീകരിക്കുന്നു.
