കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രികയുടെ സൂഷ്മ പരിശോധനയ്ക്കായി പ്രത്യേക സമിതിയെ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷേഖ് മുഹമദ് അല്‍ ഖാലിദ് അല്‍ സബയുടെ ഉത്തരവ്ക്രാരമാണ് ജഡ്ജ് സുല്‍ത്താന്‍ മജീദ് ബൗജ്‌വാറയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ രൂപീകരിച്ചത്. 1962-ലെ തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ചാണോ നാമനിര്‍ദേശപത്രിക എന്നത് പരിശോധിക്കുകയാണ് സമിതിയുടെ ലക്ഷ്യം.ഇതിനായി രാജ്യത്തെ എത് അതോറിറ്റിയില്‍ നിന്ന് രേഖകള്‍ വിളിച്ച് വരുത്തി പരിശോധിക്കാന്‍ സമിതിയക്ക് അനുമതിയും നല്‍കിയിട്ടുണ്ട്.
അതിനിടെ,സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മുതല്‍ അടുത്തമാസം 26 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെയുള്ള പ്രക്രിയകള്‍ സുഗമമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സഹകരിക്കണമെന്ന് മന്ത്രിസഭ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ജീവകാരുണ്യ ഫണ്ട് ചെലവഴിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്ന് തൊഴില്‍-സാമൂഹിക കാര്യ മന്ത്രാലയം വ്യക്തമാക്കി. ജീവകാരുണ്യ ഫണ്ടുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി ചെലവഴിക്കുന്നതിനെതിരേ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഇമാമുമാരും മതപ്രാസംഗികരും മോസ്‌കുകള്‍ ഉപയോഗിക്കുന്നതിനെതിരേ ഔവ്ക്വാഫ് ആന്‍ഡ് ഇസ്ലാമിക കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു മതപ്രസംഗവും അനുവദിക്കില്ല. നിയമലംഘകര്‍ക്ക് കടുത്ത പിഴയും ശിക്ഷയും നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥികള്‍ ചില സ്ഥലങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത് മുനിസിപ്പാലിറ്റി വഴിയായി മാത്രമേ അനുവദിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
