തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ മൂന്ന് ആന ഇടഞ്ഞു. പാപ്പാനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മൂന്ന് ആനയെയും തളച്ചു. രാവിലെ ഏഴുമണിക്ക് ശീവേലിക്കിടെ ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രതികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളും ഇടയുകയായിരുന്നു.
ശ്രീകൃഷ്ണന്റെ പുറത്ത് തിടമ്പ് ഏറ്റിയിരുന്ന കീഴ്ശാന്തി നിലത്തുവീണു. സുഭാഷ് എന്ന പാപ്പാന് ചെറിയ പരിക്കുണ്ട്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിക്കിലും തിരക്കിലുംപെട്ട് മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ആയതിനാല്‍ ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ഭക്തജനങ്ങളെ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവാവുകയായിരുന്നു.
