പാലക്കാട്: കഞ്ചിക്കോട്ട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. പയറ്റുകാട് സ്വദേശി രായപ്പന്‍ ആണ് മരിച്ചത്. കഞ്ചിക്കോട് മായപ്പള്ളം പയറ്റുകാട് ആണ് രായപ്പന്‍റെ വീട്. രാവിലെ ഏഴേമുക്കാലോടെ വീടിനു സമീപത്തെ പൊതുടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ ഇറങ്ങിയതായിരുന്നു ഇയാള്‍.
റെയില്‍വേ പാലത്തിന് സമീപം ആയി ആന നിന്നിരുന്നത് രായപ്പന്‍ ശ്രദ്ധിച്ചിരുന്നില്ല. തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ആനവരുന്നത് കണ്ട് ഓടിരക്ഷപെട്ടെങ്കിലും രായപ്പന് പെട്ടന്ന് ഓടാനായില്ല. നിലത്തുവീണ ഇയാളെ ആന നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ ഉടനെതന്നെ രായപ്പന്‍ മരിച്ചു.
കാട്ടാനശല്യം പതിവായ പ്രദേശത്ത് നാട്ടുകാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എംബി രാജേഷ് എംപി ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും നാ്ട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മരിച്ച രായപ്പന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ര്‍ അറിയിച്ചു. ഇതില്‍ പതിനായിരം രൂപ അടിയന്തിര ധനസഹായമായി നല്‍കും.
