പൊതുമേഖലാ സ്ഥാപനമായ കെല്‍  (കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് ലിമിറ്റഡ്) സംഘടിപ്പിക്കുന്ന പ്രദര്‍ശനം 'ഇലക്‌സ് 2017'ന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഈ മാസം 13 മുതല്‍ 15 വരെ കൊച്ചി സിയാല്‍ ട്രേഡ് സെന്ററിലായിരാണ് 'ഇലെക്‌സ്' ഒരുങ്ങുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും.

പൊതു-സ്വകാര്യ മേഖലകളിലെ നൂറിലധികം കമ്പനികളെയും അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളും അണിനിരത്തി രാജ്യാന്തര നിലവാരത്തിലാണ് പ്രദര്‍ശനവും അനുബന്ധമായി സെമിനാറും ഒരുങ്ങുന്നത്.  പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാപാര മികവിനും സാങ്കേതികവിദ്യാ മികവിനും ഇലെക്‌സ് പ്രയോജനപ്പെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള പ്രമുഖ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും സാധ്യതകളും പ്രദാനം ചെയ്യാന്‍ ഇലെക്‌സ് 2017ന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വൈദ്യുത വിതരണം, എല്‍.ഇ.ഡി ലൈറ്റ്, ട്രാന്‍സ്ഫോര്‍മര്‍, സോളാര്‍ പാനല്‍, ഗാര്‍ഹിക വൈദ്യുത ഉപകരണങ്ങള്‍, വാണിജ്യ നിര്‍മ്മാണ വസ്തുക്കള്‍, സ്റ്റീല്‍ തുടങ്ങിയ രംഗങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളാവുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക്കല്‍ മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മികവ് മറ്റ് സംസ്ഥാനങ്ങളെക്കൂടി ബോധ്യപ്പെടുത്താനുള്ള അവസരമാണ് ഇലെക്‌സ് എന്ന് കെല്‍ മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി വര്‍ഗ്ഗീസ് (റിട്ട) പറഞ്ഞു. കെല്ലിന് പുറമെ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളുടെയും സാന്നിദ്ധ്യമുണ്ടാകും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി മെട്രോ, ബ്രഹ്മോസ് എയറോസ്‌പേസ്, ബി.ഇ.എം.എല്‍, തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യമെമ്പാടുമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളും ഇലെക്‌സില്‍ സാന്നിദ്ധ്യമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൂന്ന് പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമായ എസ്.പി.ബി അസോസിയേറ്റ്സിന്റെ  നേതൃത്വത്തിലൊരുങ്ങുന്ന ഇലെക്സ് 2017ന്റെ വിജയത്തിന് പൊതുജനങ്ങളുടെയും വിവിധ സാങ്കേതിക രംഗങ്ങളില്‍ നിന്നുള്ളവരുടെയും എല്ലാ സഹകരണവും മന്ത്രി എ.സി മൊയ്തീനും കെല്‍ ഡയറക്ടര്‍ കേണല്‍ ഷാജി വര്‍ഗ്ഗീസും (റിട്ട) അഭ്യര്‍ത്ഥിച്ചു.

പവറിങ് ഫ്യൂച്ചര്‍ കേരള എന്ന സന്ദേശമുയര്‍ത്തുന്ന അഞ്ച് ടെക്നിക്കല്‍ സെമിനാറുകളായി പതിനെട്ടോളം മേഖലകള്‍ പരിചയപ്പെടുത്തും. സാങ്കേതിക വിദ്യ, ഊര്‍ജ്ജ എഫിഷ്യന്‍സി, സ്മാര്‍ട്ട് ഗ്രിഡ്, സോളാര്‍ സംവിധാനങ്ങള്‍, എന്നിങ്ങനെയുള്ള വിഷയങ്ങളിലൂന്നിയായിരിക്കും സെമിനാറുകള്‍. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള പ്രത്യേക അവസരവും ഇതിനോടൊപ്പമുണ്ട്. പ്രോജക്ടുകള്‍ അവതരിപ്പിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ പ്രമുഖ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെത്തും. കേരളത്തിന്റെ ഊര്‍ജ്ജ രംഗത്ത് പുതിയ സാധ്യതയായി കണക്കാക്കപ്പെടുന്ന സോളാര്‍ സാങ്കേതിക വിദ്യയ്‌ക്ക് ഇലെക്‌സ് മുതല്‍ക്കൂട്ടാവും. സംസ്ഥാന സര്‍ക്കാറിന്റെ ആശിര്‍വാദത്തോടെ ആദ്യമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിക്കാന്‍ പോകുന്നതെന്ന് പരിപാടിയുടെ മുഖ്യസംഘാടനകരായ എസ്.പി.ബി അസോസിയേറ്റ്സ് പാര്‍ട്‍ണര്‍ എം. ബിനു പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്,  വി.പി സജീന്ദ്രന്‍, എം. സ്വരാജ്, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, കെല്‍ ചെയര്‍മാന്‍ അഡ്വ. വര്‍ക്കല ബി രവികുമാര്‍, മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി എം വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.