കൊച്ചി: സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ വ്യവസ്ഥാപിത രീതിയില്‍ നിന്ന് മാറി ചിന്തിച്ചു തുടങ്ങിയതോടെ അവ ലാഭത്തിലേക്ക് നീങ്ങുകയാണെന്ന് റിയാബ് ചെയര്‍മാന്‍ ഡോ. എം പി സുകുമാരന്‍ നായര്‍. പൊതു മേഖല സ്ഥാപനങ്ങള്‍ ലാഭത്തിലേക്കുയരുന്ന നിലപാടു സ്വീകരിക്കാന്‍ തുടങ്ങിയത് ആ സ്ഥാപനങ്ങളില്‍ ശക്തമായ മാനേജ്മന്റ് വന്നതോടെയാണെന്നും അദ്ദേഹം പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനമായ കെല്‍ നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ത്രിദിന പ്രദര്‍ശനമേളയായ ഇലക്‌സ് 2017ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളെ തെരഞ്ഞെടുക്കുന്നതില്‍ എടുത്ത മുന്‍കരുതലാണ് ഈ മാറ്റത്തിന് പിന്നില്‍. മാനേജ്മന്റ് പരിചയവും മികച്ച ട്രാക്ക് റെക്കോര്‍ഡുമുള്ള വിദഗ്ധരെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു നിയമിച്ചിരിക്കുന്നത്. നഷ്ടത്തിലായിരുന്ന എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ ലാഭത്തിലേക്കു കുതിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 'കെല്ലി'ന് കഴിയുമെന്നാണ് വിലയിരുത്തുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ഇലക്ക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മാണ - വിതരണ മേഖലയെ അടിസ്ഥാനമാക്കി അഞ്ചു സെമിനാറുകളിലായി ചര്‍ച്ച ചെയ്ത വിവിധ വിഷയങ്ങളെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഉപയോഗപ്പെടുത്തുമെന്ന് കെല്‍ ചെയര്‍മാന്‍ അഡ്വ. വര്‍ക്കല ബി. രവികുമാര്‍ പറഞ്ഞു. 

കേരളത്തിന്റെ വൈദ്യുത നിര്‍മാണ വിതരണ രീതികള്‍ക്ക് നവീന ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്ന മേളയാക്കാന്‍ ഇലക്‌സ് 2017 നെ വിദഗ്ധരുടെ സാന്നിധ്യം സഹായിച്ചതായി എസ് പി ബി അസോസിയേറ്റ്‌സ് ഡയറക്ടര്‍ ബിനു നാണു വ്യക്തമാക്കി. വാര്‍ഷിക പരിപാടിയായി ഭാവിയില്‍ ഇലക്‌സ് മേള മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌സിന്റെ സംഘാടക കമ്പനിയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.പി.ബി. അസോസിയേറ്റ്‌സ്. 

ഇലക്‌സ് മേളയോടനുബന്ധിച്ചു സംഘടിപ്പിച്ച എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് മത്സരത്തില്‍ കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീറിങ്ങ് വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. എംഇഎസ് കോളേജ് രണ്ടാം സ്ഥാനവും ശ്രീനാരായണ ഗുരുകുല കോളേജ് കോലഞ്ചേരി മൂന്നാം സ്ഥാനവും നേടി. 

വിവിധ വിഷയങ്ങളിലായി നടന്ന സെമിനാറുകളുടെ വിശകലനം മുന്‍ ഇ.എം.സി. ഡയറക്ടര്‍ വി.കെ. ദാമോദരന്‍ അവതരിപ്പിച്ചു. കെല്‍ മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി വര്‍ഗീസ് സ്വാഗതവും എസ്.പി.ബി. അസോസിയേറ്റ്‌സ് ഡയറക്ടര്‍ പ്രസാദ് ചക്രപാണി നന്ദിയും അറിയിച്ചു.