ചിറ്റാര്‍: ചിറ്റാറില്‍ കാട്ടാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടി. സംഭവത്തെ തുടര്‍ന്ന് ഒരു കൊമ്പന്‍ അവശനിലയിലാണ്. വടശേരിക്കര ഫോറസ്‌റ്റ്‌ റേഞ്ച്‌ പരാധിയിലെ മണിയാര്‍- കട്ടച്ചിറ റോഡില്‍ പേക്കാവ്‌ വനത്തിലെ അടികുഴി ഭാഗത്താണ്‌ 20 വയസു തോന്നിക്കുന്ന കാട്ടുകൊമ്പന്‍ അവശ നിലയില്‍ കിടക്കുന്നത്‌. കൊമ്പിനു താഴെ വായോടു ചേര്‍ന്ന ഭാഗത്ത്‌ കുത്തേറ്റ്‌ ഗുരുതര നിലയിലാണ്‌.

ഇന്നലെ രാവിലെ പേക്കാവ്‌ വനത്തില്‍ കൂപ്പിലെ പണിക്കു പോയ തൊഴിലാളികളാണ്‌ കാട്ടാനയെ കണ്ടത്‌. ഇവര്‍ മണിയാര്‍ ഫോറസ്‌റ്റ്‌ ചെക്‌പോസ്‌റ്റിലും വടശേരിക്കര റേഞ്ച്‌ ഓഫീസിലും വിവരമറിയിച്ചു. സംഭവം അറിഞ്ഞ്‌ വനപാലകര്‍ ഉടന്‍ തന്നെ സ്‌ഥലത്തെത്തി.

ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തി. തേക്കടിയില്‍നിന്നു വനംവകുപ്പിന്റെ വെറ്ററിനറി ഡോക്‌ടറെത്തി ആനയ്‌ക്കു ചികില്‍സ നല്‍കി. വനപാലകരുടെ നിരീക്ഷണത്തിലാണ് ആന.