അമിത ഭാരത്തിന് ചികിത്സ തേടി ഈജിപ്തില്‍ നിന്നും ഇന്ത്യയിലെത്തിയ എമാന്‍ അഹ്മദ് എന്ന യുവതി ആശുപത്രി വിട്ടു. മുംബൈയിലെ ചികിത്സക്കൊടുവില്‍ ശരീരഭാരം പകുതിയായി കുറച്ച ശേഷമാണ് എമാന്‍ കൂടുതല്‍ ചികിത്സകള്‍ക്കായി യുഎഇയിലേക്ക് തിരിച്ചത്.

അഞ്ഞൂറ് കിലോയോളം ശരീരഭാരം. കിടന്ന കിടപ്പില്‍ നിന്നും എഴുന്നേറ്റിട്ട് 25 വര്‍ഷം. ശപിക്കപ്പെട്ട ഈ അവസ്ഥക്ക് പരിഹാരം തേടിയാണ് മുപ്പതുകാരിയായ എമാന്‍ അഹ്മദ് മുംബൈയിലെത്തിയത്. എമാനെ ഇന്ത്യയിലെത്തിച്ച ശേഷമുള ഓരോ ഘട്ടത്തിലും കൂട്ടായി വിവാദങ്ങളുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഭാരം കുറഞ്ഞുവെന്ന ഡോക്ടര്‍മാരുടെ അവകാശവാദം തെറ്റാണെന്നും ചികിത്സയുടെ പേരില്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സഹോദരി ആരോപിച്ചത് ഇന്ത്യക്ക് പുറത്തും പ്രാധാന്യം നേടി. എന്നാല്‍ പിന്നീട് സായ്മ തിരുത്തി. ഡോക്ടര്‍മാരോട് നന്ദി പറഞ്ഞു.

ചികിത്സയുടെ നീണ്ട രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ വിടുമ്പോള്‍ ആശ്വസിക്കാന്‍ വകയുണ്ട് എമാന്. ശരീര ഭാരം അഞ്ഞൂറില്‍ നിന്നും 242 കിലോയിലേക്കെത്തിക്കാനായി. ഇനി അടുത്ത ഘട്ടം. യുഎഇയില്‍ നടക്കുന്ന ഈ ഘട്ടം പൂര്‍ത്തിയായാല്‍ എമാന്‍റെ ഭാരം സാധാരണക്കാരുടേതിന് തുല്യമാകും. എണീറ്റ് നടക്കാനാകും.

എമാനെ കൊണ്ടുവന്ന പോലെ തന്നെ ഭാരിച്ചതായിരുന്നു കൊണ്ടുപോകലും. ആശുപത്രിയിലെ രണ്ടാംനിലയില്‍ നിന്നും കയറില്‍ കെട്ടി താഴെയിറക്കി ട്രക്കില്‍ വിമാന്തതാവളത്തിലേക്ക്. അനിടെ നിന്ന് പ്രത്യേകം സജ്ജമാക്കിയ വിമാനത്തിലായിരുന്നു എമാന്‍റെ യുഎഇ യാത്ര. പ്രത്യേകം തയ്യാറാക്കിയ ബോയിംഗ് ബിസിനസ് ജെറ്റിലാണ് എമാനെ അബുദാബിയിലെത്തിച്ചത്.