വാഷ്റൂമുകളിൽ എമർജൻസി ബട്ടൺ സംവിധാനം വേണം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കണം 

ദില്ലി: ട്രെയിനിലെ വാഷ്റൂമുകളിൽ എമർജൻസി ബട്ടൺ സംവിധാനം ഘടിപ്പിക്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതർ ശ്രദ്ധ പതിപ്പിക്കണമെന്ന് ലോക്സഭാ എംപി ​രാജേൻ ​ഗോഹെൻ‌. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുൻനിർത്തിയാണ് അദ്ദേഹം ഇക്കാര്യം രാജ്യസഭയിൽ അവതരിപ്പിച്ചത്. വനിതാ ശിശുവികസന മന്ത്രാലയത്തിൽ നിന്ന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ‌ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വനിതായാത്രക്കാരുടെ സുരക്ഷയെ ശക്തിപ്പെടുത്താൻ ഈ മാറ്റം അത്യാവശ്യമാണ്. എമർജൻസി അലാം എല്ലാ ട്രെയിനിലെയും കോച്ചുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ‌ വാഷ്റുമുകളിൽ സ്ത്രീകളോ കുട്ടികളോ അകപ്പെട്ടു പോയാൽ അവർക്ക് സഹായം അഭ്യർത്ഥിക്കാൻ സാധ്യമല്ല. ആസ്സാമിൽ ഈ മാസമാണ് രണ്ട് സ്ത്രീകളെ ട്രെയിനിലെ വാഷ്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിലൊരാൾ വിദ്യാർത്ഥിനിയും മറ്റൊരാൾ മുതിർന്ന സ്ത്രീയുമായിരുന്നു. 

സ്ത്രീകൾക്കായി ട്രെയിനിവൽ വനിതാ ആർപിഎഫ് ഉദ്യോ​ഗസ്ഥകളെ നിയമിച്ചിട്ടുണ്ട്. എന്നാൽ ട്രെയിനിൽ യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരായിരിക്കണം. സ്ത്രീകൾക്ക് വീട്ടിലും ജോലിസ്ഥലത്തും പൊതുവിടങ്ങളിലും യാത്രാ വേളകളിലും സുരക്ഷയൊരുക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് എംപി കൂട്ടിച്ചേർത്തു.