മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദുള്ള യമീനെതിരെ പ്രതിപക്ഷ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആരേയും പരിശോധിക്കാനും അറസ്റ്റ് ചെയ്യാനും ഇതോടെ സൈന്യത്തിന് അധികാരം ലഭിക്കും. 

പ്രസിഡന്റ് അബ്ദുളള യമീനെ പുറത്താക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടേക്കുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെ ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുളള നീക്കമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നല്‍കി. ചൈനയും സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.