നിലമ്പൂര്‍: പി.വി.അന്‍വര്‍ എംഎല്‍എ ചീങ്കണ്ണി പാലിയില്‍ നടത്തിയ നിയമ ലംഘനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അടിയന്തര യോഗം. സംയുക്ത പരിശോധന കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും വനംവകുപ്പ് ഒഴികെ ആരും റിപ്പോര്‍ട്ട് നല്‍കാത്ത പശ്ചാത്തലത്തിലാണ് പെരിന്തല്‍മണ്ണ ആര്‍ഡിഒ യോഗം വിളിച്ചത്.
പി.വി.ആര്‍ നാച്ചുറോ പാര്‍ക്കിന് അനുബന്ധമായി ചീങ്കണ്ണി പാലിയില്‍ എംഎല്‍എ നടത്തിയ നിര്‍മ്മാണ പ്രവൃത്തികളില്‍ നിയമലംഘനം നടന്നുവെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. വനം, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട് മുന്‍പിലുണ്ടായിരുന്നിട്ടും മലപ്പുറം ജില്ലാ ഭരണകൂടം എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എടുത്തത്. നിയമ ലംഘനങ്ങള്‍ അടുത്തിടെ വീണ്ടും വിവാദമായപ്പോള്‍ വിവിധ വകപ്പുകളെ വീണ്ടും അന്വേഷണത്തിന് നിയോഗിച്ചു. ഇതില്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ച് വനം വകുപ്പ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി.
നിലമ്പൂര്‍ ഡിഎഫ്ഓയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ പരിശോധനയില്‍ പങ്കെടുത്ത റവന്യൂ, പിഡബ്യൂഡി, മൈനിംഗ് ആന്റ് ജിയോളജി തുടങ്ങിയ വകുപ്പുകള്‍ ഒരു മാസം പിന്നിട്ടിട്ടും റിപ്പോര്‍ട് നല്‍കിയിട്ടില്ല. അന്‍വര്‍ എംഎല്‍എയെ പിന്തുണക്കാന്‍ ഉദ്യോഗസ്ഥ ലോബി ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ആര്‍ഡിഒ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. പരിധിക്കപ്പുറം ഭൂമി കൈവശം വച്ച് പി.വി അന്‍വര്‍ ഭൂ നിയമം ലംഘിച്ചെന്ന പരാതിയും യോഗം വിലയിരുത്തും.
