ആഗോള നിക്ഷേപത്തിന് അവസരമൊരുക്കി 2012ലാണ് മുന്‍ സര്‍ക്കാര്‍ എമേര്‍ജിംഗ് കേരളപദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ തുടക്കം മുതലേ ഉയര്‍ന്നിരുന്നു. സംഘാടനത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയിലാണ് ലോകായുക്തയുടെ ഇടപെടല്‍. വ്യവസായ വികസനകോര്‍പ്പറേഷന്‍ ചുക്കാന്‍ പിടിച്ച പരിപാടിക്കായി മൂന്ന് ദിവസത്തേക്ക് 17,52,07,543 രൂപയാണ് ചെലവഴിച്ചത്. 

എട്ട് ഏജന്‍സികളെയാണ് നടത്തിപ്പ് ചുമതല ഏല്‍പിച്ചച്ചത്. ചെലവ് വിവര കണക്കില്‍ നാല് ഏജന്‍സികള്‍ക്ക് കൂടി 10,07,28,240 രൂപ നല്‍കിയെന്നാണ് കെഎസ്‌ഐഡിസി വ്യക്തമാക്കുന്നത്. ബാക്കി വരുന്ന ഏഴ് കോടിയില്‍പരം രൂപ എന്ത് ചെയ്തുവെന്ന് വ്യക്തമല്ല. ഇനം തിരിച്ച് പരിശോധിക്കുമ്പോള്‍ മറ്റ് ചെലവുകള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കോടി ഇരുപത്തി രണ്ട് ലക്ഷത്തി അറുപത്തി ആറായിരത്തി നാല്‍പത്തിയൊമ്പത് രൂപ എന്തിന് വിനിയോഗിച്ചുവെന്നും വ്യക്തമല്ല. 

കെഎസ്‌ഐഡിസിക്ക് അനുവദിച്ച സര്‍ക്കാര്‍ ഫണ്ട് ചെലവാക്കേണ്ട മാനദണ്ഡങ്ങളോ സുതാര്യതയോ പാലിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 2012ല്‍ തന്നെ ലോകായുക്തക്ക് നല്‍കിയ പരാതിയില്‍ അവരുടെ തന്നെ അന്വേഷണ ഏജന്‍സി പരിശോധന നടത്തുകയും, ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതിക്കാരനായ സൈമണ്‍ തോണക്കര വീണ്ടും ലോകായുക്തയെ സമീപിച്ചു. 

തുടര്‍ന്നാണ് അന്വേഷണ ഏജന്‍സിയുടെ പരിശോധനയില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആ റിപ്പോര്‍ട്ട് ലോകായുക്ത തള്ളിയത്. പതിനേഴ് കോടിയില്‍ ഏഴ് കോടി എന്തിന് വിനിയോഗിച്ചുവെന്ന ചോദ്യത്തിന് അന്വേഷണ ഏജന്‍സിക്കും മറുപടിയില്ലെന്ന് ലോകായുക്ത പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പരാതിയില്‍ വിജിലന്‍സ് അന്വേഷണം തന്നെ നടത്തണമെന്നാണ് ലോകായുക്തയുടെ ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. മുന്‍ ചീഫ് സെക്രട്ടറി, കെഎസ്‌ഐഡിസി മുന്‍ എംഡി എന്നിവരാണ് എതിര്‍കക്ഷികള്‍.