Asianet News MalayalamAsianet News Malayalam

ഫ്രാന്‍സിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് നിയുക്ത പ്രസിഡന്‍റ്

Emmanuel Macron
Author
First Published May 8, 2017, 8:38 AM IST

ഫ്രാന്‍സിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് നിയുക്ത പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍. തെര‍ഞ്ഞെടുപ്പിലെ വിജയം തന്‍റെ ഉത്തരവാദിത്തം കൂട്ടുന്നതായും മക്രോണ്‍ വ്യക്തമാക്കി. അതേസമയം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഏറെ വെല്ലുവിളികളാണ് മക്രോണിനെ കാത്തിരിക്കുന്നത്.


വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ഏറെകുറെ ഏകപക്ഷീയം എന്ന വിലയിരുത്താവുന്ന വിജയം കൈക്കലാക്കിയാണ്  ഇമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തിയത്. 34.5% വോട്ടിനെതിരെ 64.5% വോട്ട് നേടിയ മക്രോണ്‍ ഫ്രാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റുമായി. ഫ്രാന്‍സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇടത്, വലത് കക്ഷികളായ റിപ്പബ്ലിക്കന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുറത്തുനിന്ന് ഒരാള്‍ പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വിജയത്തിന് നന്ദി പറഞ്ഞ മക്രോണ്‍ ഫ്രാന്‍സിന്‍റെ ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്ന് വ്യക്തമാക്കി.

തോല്‍വി സമ്മതിച്ച  മറി ല്യു പെന്‍ മക്രോണിന് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജര്‍മ്മന്‍ചാന്‍സലര്‍, ചൈനീസ് പ്രസിഡന്‍റ്, ജാപ്പനീസ്   പ്രധാനമന്ത്രി എന്നിവര്‍ മക്രോണിനെ അഭിനന്ദിച്ചു. അതേസമയം പ്രസിഡന്‍റായി തെര‍‍ഞ്ഞെടുക്കപ്പെട്ടുവെങ്കിലും കനത്ത വെല്ലുവിളികളാണ് മക്രോണിനെ കാത്തിരിക്കുന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന സ്വഭാവത്തിലല്ലാതെ തെര‍ഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്ത മക്രോണിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി പാര്‍ലമെന്‍റ് തെര‍ഞ്ഞെടുപ്പാണ്. ഫ്രഞ്ച് ഭരണഘടനയനുസരിച്ച് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മക്രോണിന് തുടരാനാകില്ല. ഒരു വര്‍ഷം മാത്രം വളര്‍ച്ചയെത്തിയ തന്‍റെ പ്രസ്ഥാനത്തെ ഈ തെര‍ഞ്ഞെടുപ്പിനായി ഒരുക്കുക എന്നത് മക്രോണിന് എളുപ്പമാകില്ല. ഇതിനൊപ്പം പ്രചാരണ വേളയില്‍ മുന്നോട്ട് വച്ച തൊഴിലില്ലായ്മ പരിഹരിക്കുക എന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തിരിഞ്ഞുകുത്താതെ നോക്കാനും മക്രോണിന് ഏറെ വെല്ലുവിളി നേരിടേണ്ടി വരും.

 

 

 

 

Follow Us:
Download App:
  • android
  • ios