ഡിവൈഎഫ്‌ഐ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് നീതികിട്ടിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിശ്ചയിച്ച 5 ലക്ഷം രൂപ നഷ്ടപരിഹാരം മൂന്ന് മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കഹേര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

ഈ തുക സംസ്ഥാന സര്‍ക്കാരിന് കീടനാശിനി കമ്പനികളില്‍ നിന്ന് ഈടാക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആവശ്യമായ നിയമനടപടികളോ, നിയമരൂപീകരണമോ നടത്താം. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും തേടാമെന്നും കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയില്ലാത്തത് എന്ന് സുപ്രീംകോടതി ചോദിച്ചു. 

ഇരകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനൊപ്പം ഇരകള്‍ക്ക് ആജീവനാന്ത സൗജന്യ വൈദ്യസഹായം ഉറപ്പുവരുത്തണം. അതിന് ഡോക്ടര്‍മാരെ ചുമതലപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. 2012ല്‍ ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉള്‍പ്പെടുത്തി പത്രത്തില്‍ പരസ്യം നല്‍കിയ കീടനാശിനി കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.