എനിക്ക് വാക്കുകൾ കിട്ടുന്നില്ല; എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ വേദനയും വിഷമവും കഷ്ടപ്പാടും മനസ്സിലാക്കിയ എല്ലാവർക്കും നന്ദി: ദയാഭായി
തിരുവനന്തപുരം: സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെ നന്ദി പറഞ്ഞ് ദയാഭായി. സർക്കാരുമായുള്ള സമരസമിതിയുടെ ചർച്ച വിജയമാണെന്ന പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ദയാഭായി. തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ ദയാഭായി എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ വേദനയും വിഷമവും കഷ്ടപ്പാടും മനസ്സിലാക്കിയ എല്ലാവർക്കും തന്‍റെ സ്നേഹം അറിയിച്ചു.
തന്നെക്കുറിച്ചും തനിക്കെതിരെയും പറഞ്ഞവരോടൊന്നും ദേഷ്യമോ വിഷമമോ ഒന്നുമില്ലെന്നും അതെല്ലാം താൻ ഈ സമരത്തിന് നൽകിയ വിലയാണെന്നും ദയാഭായി കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വിജയിച്ചതിനെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചു.
2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ശാരീരികാവശതകൾ ഉള്ളവരായി കണ്ടെത്തിയ 1905 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതിൽ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികൾക്ക് വീണ്ടും മെഡിക്കൽ പരിശോധന നടത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ.
