വദ്രയെ ഇന്നലെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത് 6 മണിക്കൂർ. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലായിരുന്നു നടപടി. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ്.

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രിയങ്കയ്ക്കൊപ്പം വദ്ര എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയത്. വദ്രയെ ഓഫീസിൽ ഇറക്കിയ ശേഷം പ്രിയങ്ക ഗാന്ധി എഐസിസി ആസ്ഥാനത്ത് എത്തി പാർട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. ലണ്ടനിൽ ബ്രയൺസ്റ്റൻ സ്ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ വദ്രയോട് നിർദേശിച്ചിരുന്നു.

വദ്രക്കെതിരെയുള്ള എൻഫോഴ്സ്മെന്‍റ് നീക്കത്തിനെതിരെ പാർലമെന്‍റിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയേക്കും. അന്വേഷണ ഏജൻസികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച ഇന്ന് പാർലമൊന്‍റിന്‍റെ ഇരുസഭകളിലും നടക്കും. ചർച്ചക്ക് ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കും.