ദില്ലി: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഉടമസ്ഥതയിലുള്ള ദില്ലിയിലെ ഫാം ഹൗസ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു. കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് നടപടി.

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഫ്‌ ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീരഭദ്രസിംഗ് സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന്റെ നടപടി. 29 കോടി വിലരുന്ന ദില്ലിയിലെ ഫാം ഹൗസാണ് പൂട്ടിയത്. 5.47 കോടി രൂപ വിപണിവിലയുണ്ടായിരുന്ന സമയത്ത് ഒരു കോടി രൂപക്ക് ഫാം ഹൗസ് വാങ്ങിയെന്നാണ് സിംഗ് വ്യക്തമാക്കിയത്. ഇതിലൂടെ സിംഗ് കള്ളപ്പണം വെളിപ്പിച്ചുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍. 2009 മുതല്‍ 2011 വരെ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വീരഭദ്രസിംഗും കുടുംബവും 210 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന സി ബി ഐയുടെ കുറ്റപത്രവും നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെയുള്ള നടപടി പ്രതിപക്ഷം വലിയരാഷ്ട്രീയആയുധമാക്കിയിരിക്കുകയാണ്. വീരഭദ്രസിംഗ് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായ കേസ് രാഷ്ട്രീയമായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.