മുംബൈ: സാക്കിർ നായികിനെ ഇന്ത്യയിലെത്തിക്കാനായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും മതപ്രസംഗങ്ങളിലൂടെയും സമ്പാദിച്ച പണം വകമാറ്റാനായി ഇന്ത്യയിലും വിദേശത്തും കടലാസ് കമ്പനികളുണ്ടാക്കിയെന്നാണ് നായികിനെതിരായ കേസ്.
ഭീകരവിരുദ്ധ നിയപ്രകാരമുള്ള കേസിൽ അന്വേഷണം നേരിടുന്ന ഇസ്ലാം മതപ്രഭാഷൻ സാക്കിർ നായികിനെ ഇന്ത്യയിലെത്തിക്കാനായി ദേശീയ അന്വേഷണ ഏജൻസി ശ്രമം തുടരുന്നതിനിടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. നായികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്ന കേസുകൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമീപിച്ചു. സാക്കിർ നായിക് കേസുമായി സഹകരിക്കുന്നില്ലെന്നും തുടർച്ചയായി അയച്ച സമൻസുകൾക്ക് മറുപടി നൽകിയില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അപേക്ഷയിൽ കോടതി നാളെ തീരുമാനം പറയും.
നാട്ടിലേക്ക് വരില്ലെന്നും വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യലിന് ഹാജാരാകാമെന്നുമാണ് നായികിന്റെ നിലപാട്. ഇത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തള്ളി. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും മതപ്രസംഗങ്ങളിലൂടെയും സമ്പാദിച്ച പണം വകമാറ്റാനായി ഇന്ത്യയിലും വിദേശത്തും കടലാസ് കമ്പനികളുണ്ടാക്കിയെന്നാണ് നായികിനെതിരായ കേസ്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ വഴിയും ബന്ധുക്കളുടെ പേരിലുമായി ബ്രട്ടനിലും സൗദി അറേബ്യയിലെയും നായികിന് കോടികളുടെ നിക്ഷേപമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. നായികിന് മുംബൈയിലുള്ള 18.37 കോടിയുടെ സ്വത്ത് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇനിയും 100 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മുന്നോട്ട്പോകുന്നതായാണ് വിവരം. സാക്കിർ നായിക് ഇപ്പോൾ സൗദി അറേബ്യയിൽ കഴിയുകയാണെന്നാണ് കരുതുന്നത്.
