ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ കണക്ക് പുറത്ത് കേരളത്തിൽ കഴി‌‌ഞ്ഞ അധ്യയനവർഷം ഇല്ലാതായത് 1828 സീറ്റുകൾ  

ദില്ലി: പ്രവേശനത്തിന് വിദ്യാർത്ഥികളെ കിട്ടാതയതോടെ രാജ്യത്തെ എഞ്ചിനിയറിംഗ് പഠനരംഗത്ത് ഈ വർഷം ഇല്ലാതാകുന്നത് 90,918 സീറ്റുകൾ. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 3 ലക്ഷം എഞ്ചിനിയറിംഗ് സീറ്റുകളാണ് ഇല്ലാതായത്. ഇതോടെ എഞ്ചിനിയറിംഗ് കോളേജുകൾ പലയിടത്തും കൂട്ടത്തോടെ അടച്ചുപൂട്ടുകയാണ്. 2018-19 അധ്യയനവർഷമടക്കം ഉൾപ്പെടുന്ന ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ കണക്കാണിത്. 

കോളേജുകൾ നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണക്കണനുസരിച്ച് ദേശീയ സാങ്കേതികവിദ്യാഭ്യാസ കൗൺസിലാണ് സീറ്റുകൾ കുറക്കുന്നത്. 2016 മുതൽ പ്രതിവർഷം ശരാശരി 75000 എഞ്ചിനിയറിംഗ് സീറ്റുകളാണ് ഇല്ലാതായത്. കേരളത്തിൽ കഴി‌‌ഞ്ഞ അധ്യയനവർഷം ഇല്ലാതായത് 1828 സീറ്റുകൾ. പ്രവേശനം കുത്തനെ കുറഞ്ഞതോടെ രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അടച്ചുപൂട്ടിയത് 75 സ്ഥാപനങ്ങൾ. 

ഈവർഷം ഏകദേശം 200 എഞ്ചിനിയറിംഗ് കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. എന്നാൽ നിലവിൽ ഈ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തെ ഇത് ബാധിക്കില്ല. പുതിയ പ്രവേശനം ഉണ്ടാവില്ലെന്ന് മാത്രം. സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ തന്നെ കണക്കനുസരിച്ച് 2017മാർച്ചിൽ എഞ്ചിനിയറിംഗ് പാസായ എട്ട് ലക്ഷം വിദ്യാർത്ഥികളിൽ 60 ശതമാനത്തിനും ക്യാമ്പസ് റിക്രൂട്ട്മെന്‍റ് കിട്ടിയിട്ടില്ല. 

ഐഐടി,എൻഐടി തുടങ്ങിയ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം വർധിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ പ്രശ്നങ്ങൾ മറികടക്കാൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത് 50% വർധിപ്പിക്കാനാണ് സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ തീരുമാനം.ഇപ്പോൾ 10% കോഴ്സുകൾക്ക് മാത്രമാണ് അംഗീകാരം നൽകിയിട്ടുള്ളത്.