സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനം അനിശ്ചിതത്വത്തില്‍. അസോസിയേഷന്‍റെ ഉള്ളില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം വന്നതോടെയാണ് അനിശ്ചത്വം ഉണ്ടായത്. സര്‍ക്കാരിന്‍റെ റാങ്ക് പട്ടികയില്‍ നിന്നുമാത്രം പ്രവേശനം നടത്തണമെന്നാണ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ ശശികുമാര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ അങ്ങനെ മാത്രം ചെയ്താല്‍ ഒരു പാട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. പകരം പ്രവേശന പരീക്ഷയുടെ റാങ്കും പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ഏകീകരണവും നടത്തുന്നതിനു മുമ്പുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരേയും പരിഗണിക്കണമെന്നാണ് അസോസിയേഷന്‍ സെക്രട്ടറി എംകെ മൂസ അടക്കമുള്ളവരുടെ ആവശ്യം.
ഭിന്നത കടുത്തതോടെ ഇന്ന് 11 മണിക്കകം മറുപടി അറിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. എന്നാല്‍ വരുന്ന ശനിയാഴ്ച കൊച്ചിയില്‍ എന്‍ജിനിയറിങ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ യോഗം ചേര്‍ന്നശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ എന്ന നിലപാടിലാണ് മാനേജ്മെന്‍റ്. അതേസമയം കഴിഞ്ഞ വര്‍ഷം ജയിംസ് കമ്മറ്റിയും ഹൈക്കോടതിയും നല്‍കിയ നിര്‍ദേശം അനുസരിച്ച് റാങ്ക് പട്ടികയില്‍ നിന്നുമാത്രമേ പ്രവേശനം നടത്താനാകൂ.
