രണ്ട് മാസം മുമ്പ് കണ്‍മുന്നില്‍ ഒരു കാറപകടം നടന്നതോടെയാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന സൗരഭില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ചെറിയ ഒരാണ്‍കുട്ടിയാണ് അന്ന് അപകടത്തില്‍ സൗരഭിന് മുന്നില്‍ വച്ച് മരിച്ചത്
നാഗ്‍പൂര്‍: അപൂര്‍വ്വമായ ആത്മഹത്യാ കുറിപ്പെഴുതി വച്ച് മരണത്തിലേക്ക് നടന്നുപോയ മകനെ ഓര്‍ത്ത് പരിതപിക്കുകയാണ് നാഗ്‍പൂരിലെ ഒരു കുടുംബം. ഒരല്‍പം കൂടി ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നാണ് അവരിപ്പോള്‍ പറയുന്നത്.
രണ്ട് മാസം മുമ്പ് കണ്‍മുന്നില്‍ ഒരു കാറപകടം നടന്നതോടെയാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന സൗരഭില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ചെറിയ ഒരാണ്‍കുട്ടിയാണ് അന്ന് അപകടത്തില്‍ സൗരഭിന് മുന്നില്‍ വച്ച് മരിച്ചത്. ആ സംഭവം തന്നെ മാനസികമായി ബാധിച്ചുവെന്ന് സൗരഭ് അടുപ്പമുള്ള ചിലരോട് പറഞ്ഞിരുന്നു. എന്നാല്‍ ആരും അത് കാര്യമായി എടുത്തിരുന്നില്ല.
ആ അപകടത്തിന് ശേഷം ചെറിയ രണ്ട് അപകടങ്ങള്‍ക്ക് കൂടി സൗരഭ് സാക്ഷിയായി. ഈ രണ്ട് അപകടങ്ങളും ആദ്യം നടന്ന അപകടത്തില്‍ മരിച്ച ബാലന്‍റെ ആത്മാവ് ഉണ്ടാക്കിയതാണെന്നാണ് സൗരഭ് തന്‍റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.
'റോഡപകടത്തില്‍ എന്‍റെ മുന്നില്‍ വച്ച് മരിച്ച കുട്ടിയുടെ ആത്മാവ്, അതെന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രണ്ട് അപകടങ്ങളും അവന്‍ തന്നെയാണ് ഉണ്ടാക്കിയത്. കാരണം അവനെന്‍റെ വഴി തടയണം...'- സൗരഭ് തന്‍റെ ആത്മഹത്യാകുറിപ്പില്‍ എഴുതി.
പഠനത്തില്‍ മിടുക്കനായിരുന്ന സൗരഭിന് രണ്ട് മാസമായി കാര്യമായ മാറ്റങ്ങള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ ഇക്കാര്യം വേണ്ട പോലെ ശ്രദ്ധിച്ചിരുന്നില്ലെന്നും സൗരഭിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. മാനസികമായ അസ്വസ്ഥകളാണ് യുവാവിനെ മരണത്തിലേക്കെത്തിച്ചതെന്ന് പൊലീസും അറിയിച്ചു. എങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
