പാലക്കാട്: പാലക്കാട് പാമ്പാടി നെഹ്‌റു എഞ്ചി. കോളജില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയെയാണ് കോളേജിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണ് ജിഷ്ണു പ്രണോയ്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയെന്നും താക്കീത് നല്‍കിയിരുന്നെന്നും കോളജ് അധികൃതര്‍ പറയുന്നു. ഡീബാര്‍ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തതെന്ന് പ്രണോയിയുടെ സുഹൃത്തുക്കള്‍ പറയുന്നു. ഇതില്‍ മനംനൊന്താണ് ജിഷ്‌ണു ആത്മഹത്യ ചെയ്‌തതെന്നും സഹപാഠികള്‍ പറയുന്നു. പൊലീസ് എത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.