ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല തവണ ലൈംഗികമായി പീഡിപ്പിച്ചു 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു
ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ കാണിച്ച് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് സംഭവം നടന്നത്. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഒരു പാര്‍ട്ടിക്കിടെ മദ്യം നല്‍കി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കിയത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. അടുത്തിടെയായി ഇവര്‍ പെണ്‍കുട്ടിയോട് പണവും ആവശ്യപ്പെട്ടുതുടങ്ങി. 10 ലക്ഷം രൂപ ചോദിച്ച് പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
പീഡനം താങ്ങാവുന്നതിലുമധികം ആയപ്പോള്‍ സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. കോളേജ് മാനേജ്‌മെന്‍റിന് പരാതി നല്‍കിയെങ്കിലും വീഡിയോ കളഞ്ഞ ശേഷം പെണ്‍കുട്ടിയോട് മാപ്പ് പറയാന്‍ മാത്രമാണ് പ്രതികളോട് മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
