രണ്ട് തവണ സെമിയിൽ വെള്ളജേഴ്സിയിൽ ഇംഗ്ലണ്ട് കളിച്ചിട്ടുണ്ട്
മോസ്ക്കോ: ഭാഗ്യ ജേഴ്സിയായ ചുവപ്പ് ഒഴിവാക്കിയാണ് ഇത്തവണ സെമിഫൈനലിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടാനെത്തുന്നത്. രാജ്യത്തിന്‍റെ പതാകയുമായി സാമ്യമുള്ള ജേഴ്സിയണിയാൻ ക്രൊയേഷ്യയ്ക്കും അവസരമുണ്ടാകില്ല.
ചുവപ്പിട്ട് തുടങ്ങിയാൽ വിജയമുറപ്പിച്ചെന്നാണ് ഇംഗ്ലണ്ടിലെ അടക്കം പറച്ചിൽ.ചുവന്ന കുപ്പായമിട്ട് കളിച്ച 17 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് വരുന്നത്. രണ്ടാം സെമിയിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടുന്പോൾ ജേഴ്സി തന്നെയാണ് ചർച്ച.
ഹോം ടീമായി ഫിഫ തെരഞ്ഞെടുത്തപ്പോൾ ആദ്യ ജേഴ്സി അണിയാനുള്ള അവകാശം ക്രൊയേഷ്യയ്ക്ക്. പക്ഷേ ഇംഗ്ലണ്ടിന്‍റെ രണ്ട് ജേഴ്സിയുമായും ക്രൊയേഷ്യൻ കുപ്പായത്തിന് സാമ്യം. ക്രൊയേഷ്യ രണ്ടാം ജേഴ്സിയുമായി കളിക്കണമെന്ന് ചുരുക്കം. ഇംഗ്ലണ്ട് ഒന്നാം ജേഴ്സിയണിയണമെന്ന് ഫിഫ നിർദ്ദേശിച്ചതോടെ ടീമിന് ചുവപ്പ് ഉപേക്ഷിക്കേണ്ടി വന്നു.
അപ്പോഴാണ് അടുത്ത പ്രശ്നം. ഇംഗ്ലണ്ടിന്‍റെ ഷോട്സിന് ക്രൊയേഷ്യൻ ജേഴ്സിയുമായി സാമ്യം. അത്കൊണ്ട് ഇംഗ്ലണ്ട് ഈ ലോകകപ്പിൽ ആദ്യമായി മുഴുവൻ വെള്ളക്കുപ്പായത്തിൽ കളിക്കാനിറങ്ങും. മുൻപ് രണ്ട് തവണ സെമിയിൽ വെള്ളജേഴ്സിയിൽ ഇംഗ്ലണ്ട് കളിച്ചിട്ടുണ്ട്. 1966ൽ കിരീടവുമായി മടങ്ങിയപ്പോൾ 90ൽ പടിഞ്ഞാറൻ ജർമ്മനിയോട് തോറ്റു.
വെള്ളക്കുപ്പായത്തിൽ 68 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് 42 എണ്ണത്തിൽ ജയിക്കാനായി. വെള്ള ജേഴ്സിയണിഞ്ഞ് ക്രൊയേഷ്യയുമായി ഏറ്റുമുട്ടിയ ആറിൽ നാലിലും ഇംഗ്ലണ്ട് ജയിച്ചിട്ടുണ്ടെന്നതും മറ്റൊരു കണക്ക്. ഒരിക്കൽ കൂടി വെള്ളക്കുപ്പായത്തിലെത്തുമ്പോൾ വെംബ്ലിയിലേക്ക് കിരീടമെത്തുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ആരാധകർ.
