ഇംഗ്ലീഷ് കുതിപ്പിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായം

മോസ്‌കോ: ലോകകപ്പിൽ ഇംഗ്ലീഷ് കുതിപ്പിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായമുണ്ടെന്ന് പറഞ്ഞാൽ ആരും സംശയിക്കണ്ട. പെനാൽറ്റിയിൽ തട്ടിവീഴുന്ന ഇംഗ്ലീഷ് ചരിത്രം തിരുത്തിയത് റോണോയുടെ പാഠങ്ങളാണ്. റഷ്യയിലെത്തും വരെ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലീഷ് ടീം നേരിട്ടത് മൂന്ന് പെനാൽറ്റി ഷൂട്ടൗട്ടുകളാണ്. ടൂർണമെന്‍റിൽ നിന്ന് പുറത്തേക്കുള്ള വാതിലുകളായി ഓരോ അവസരവും. പക്ഷെ ഇത്തവണ കഥമാറി. കൊളംബിയക്കെതിരെ ഷൂട്ടൗട്ടിൽ ജയിച്ചു കയറി ഇംഗ്ലണ്ട് ടീം. ഷൂട്ടൗട്ടില്‍ ജയമൊരുക്കിയത് കോച്ചും ഇംഗ്ലീഷ് താരങ്ങളും മാത്രമല്ലെന്നാണ് ടീം ടെക്നിക്കൽ ഡയറക്ടർ ഡാൻ ആഷ്‌വർത്ത് വെളിപ്പെടുത്തിയത്. നന്ദി പറയേണ്ടത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ക്രിസ്റ്റ്യാനോ എങ്ങനെ സഹായിച്ചെന്ന് മനസിലാക്കാൻ റോണോയും ഹാരി കെയ്നും ലോകകപ്പിലെടുത്ത രണ്ട് പെനാൽറ്റികൾ കണ്ടാല്‍ മതി. തീരുമാനം മനസിലുറപ്പിച്ച്, ധൃതി കൂട്ടാതെ സമയമെടുത്തുള്ള കിക്ക്. മാനസിക മുൻതൂക്കം നേടി നേരെ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു താരങ്ങള്‍. പെനാൽറ്റിയിൽ മികവ് നേടാതെ ലോകകപ്പിൽ രക്ഷയില്ലെന്ന കോച്ച് ഗാരത് സൗത്ത്‌ഗേറ്റിന്‍റെ ബോധ്യമാണ് റോണോ ക്ലാസുകളിലേക്ക് ടീമിനെ നയിച്ചത്. ലോകകപ്പിനെത്തും മുൻപ് ഇൻഡോർ സ്റ്റേഡിയത്തിൽ അഞ്ചുപേരുള്ള ടീമുകളായി പെനാൽറ്റി പരിശീലന ക്ലാസ്. പഠിപ്പിച്ചതെല്ലാം റോണോയുടെ പെനാൽറ്റികളിലെ വൈവിധ്യം. ദൃശ്യങ്ങൾ കാട്ടിക്കൊടുത്ത് തന്നെയായിരുന്നു ക്ലാസ്.