ടീം സൈക്കോളജിസ്റ്റിന്‍റെ നിര്‍ദേശപ്രകാരമാണ് ഈ പരിശീലനം

മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമി മത്സരത്തിന് മുൻപ് വേറിട്ടൊരു പരിശീലന പരിപാടിയുമായി ഇംഗ്ലണ്ട് ഫുട്ബോൾ ടീം. രണ്ട് റബ്ബർ കോഴികളുമായാണ് ഹാരി കെയ്നും സംഘവും മൈതാനത്തെത്തിയത്. 52 വർഷത്തിന് ശേഷം ഒരു ലോകകപ്പ് വിജയം സ്വപ്നം കാണുകയാണ് ഗാരി സൗത്ത്ഗേറ്റും കുട്ടികളും. ഇത്രയും ഒത്തിണക്കമുള്ള ഒരു ടീമിനെ ഇംഗ്ലണ്ട് ജഴ്സിയിൽ അടുത്ത കാലത്തിനിടയിൽ ആരാധകർ കണ്ടിട്ടുമില്ല. സൗത്ത്ഗേറ്റിന്‍റെ പരിശീലനത്തിനു കീഴിൽ എന്തോ ഒരത്ഭുതം ഹാരി കെയ്നും സംഘത്തിനും സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പായിരുന്നു. പരമ്പരാഗത പരിശീലന രീതികളല്ല സൗത്ത്ഗേറ്റ് പിന്തുടരുന്നത് എന്ന് മാത്രമായിരുന്നു ഇതുവരെ ടീം അംഗങ്ങൾ പുറത്ത് പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമാണ് ആ രഹസ്യം പരസ്യമായത്. ക്രൊയേഷ്യയ്ക്കെതിരായ സെമി മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് മൈതാനത്തെത്തിയ ഇംഗ്ലണ്ട് ടീമിനൊപ്പം രണ്ട് പേര്‍ക്കൂടിയുണ്ടായിരുന്നു. രണ്ട് റബ്ബര്‍കോഴികൾ. ഈ ലോകകപ്പ് കാലത്ത് ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലനത്തിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പാവകൾ. ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള ടീം സൈക്കോളജിസ്റ്റ് പിപ്പ ഗ്രഞ്ചിന്‍റെ കൂടി ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് റബ്ബർ കോഴികളെ ഉപയോഗിച്ചുള്ള പരിശീലനം. മൈതാനത്ത് റബ്ബർ കോഴികളുടെ കൊത്ത് കൊള്ളാതെ രക്ഷപെടുകയാണ് ഉദ്യമം. പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് പോകുന്നതിനും എതിരാളികളെ കബളിപ്പിച്ച് രക്ഷപെടുന്നതിനും ഉള്ള പരിശീലനമാണ് റബ്ബര്‍കോഴികളെ ഉപയോഗിച്ച് പരിശീലിക്കുന്നത്. സെമി വരെയെത്താൻ റബ്ബര്‍കോഴികൾ ടീമിനെ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. കപ്പുയര്‍ത്താൻ സഹായിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.