ഇംഗ്ലണ്ടും സ്വീഡനും ഇതിന് മുമ്പ് ഏറ്റമുട്ടിയ 23 കളിയിൽ 7 വീതം ജയം. 9 സമനില

മോസ്ക്കോ: ലോകകപ്പിൽ രണ്ടാം സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. ക്വാർട്ടറിൽ ഇംഗ്ലണ്ട്, സ്വീഡനെയും ക്രൊയേഷ്യ, റഷ്യയെയും നേരിടും. രാത്രി 7.30നാണ് ഇംഗ്ലണ്ട് - സ്വീഡൻ പോരാട്ടം. അവസാന ക്വാർട്ടർ പോരാട്ടത്തില്‍ രാത്രി 11:30ന് ക്രൊയേഷ്യ ആതിഥേയരായ റഷ്യയുമായി പോരടിക്കും.

അര നൂറ്റാണ്ടിൻ്റെ കിരീട വരൾച്ച അവസാനിപ്പാക്കാനുള്ള ഇംഗ്ലീഷ് ശ്രമം. അതിനിനി വേണ്ടത് മൂന്ന് ജയം കൂടി. ഗോൾ വേട്ടയിൽ മുന്നിലുള്ള ഹാരികെയ്ൻ നയിക്കുന്ന ഈ ടീമിന് ലോകകപ്പ് നേടാനുള്ള കരുത്തുണ്ടെന്ന് ഓരോ മത്സരവും തെളിയിക്കുകയാണ്. പ്രീ ക്വാർട്ടറില്ർ ഷൂട്ടൌട്ട് പരീക്ഷയും അതിജീവിച്ച ഇംഗ്ലണ്ടിൻ്റെെ അടത്തു ലക്ഷ്യം 1990ന് ശേഷമുള്ള ആദ്യ സെമി ബർത്ത്.

സ്വീഡിഷ് പരിശീലകൻ എറിക്സണ് കീഴിൽ 2002ലും 2006ലും ക്വാർട്ടറിലെത്തി പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഇക്കുറി മറികടക്കാനുള്ളത് സ്വീഡനെ. പ്ലേ ഓഫിൽ ഇറ്റലിയെ പ്രതിരോധക്കോട്ട കെട്ടി മറികടന്ന സ്വീഡൻ ലോകകപ്പിലും അതാവർത്തിക്കുകയാണ്. ടൂർണമെൻ്റിൽ ഒരു കളിയിൽ മാത്രമാണ് അവർ ഗോള വഴങ്ങിയിട്ടുള്ളത്. രണ്ടാം മഞ്ഞക്കാർഡ് കണ്ട പ്രതിരോധ താരം മൈക്കൽ ലസ്റ്റിഗിന് ഇന്ന് കളിക്കാനാകാത്തത് സ്വീഡന് തിരിച്ചടിയായേക്കും. 1994ന് ശേഷം സെമി കണ്ടിട്ടില്ല സ്വീഡൻ. ഇരുടീമും ഇതിന് മുന്പ് ഏറ്റമുട്ടിയ 23 കളിയിൽ 7 വീതം ജയം. 9 സമനില.

ഷൂട്ടൌട്ടിൽ പ്രീ ക്വാർട്ടർ കടന്നെത്തിയ രണ്ട് ടീമുകളാണ് അവസാന ക്വാർട്ടറിൽ നേർക്കുനർ വരുന്നത്. മോഡ്രിച്ചും റാക്കിറ്റിച്ചുമൊക്കയുള്ള ക്രൊയേഷ്യൻ നിര ശക്തമാണെങ്കിലും സ്പെയിനെ വീഴ്ത്തിയ റഷ്യ അത്ഭുതം തുടരാനുള്ള ശ്രമത്തിലാണ്. 1986ന് ശേഷം ക്വാർട്ടറിൽ ആതിഥേയ രാജ്യം പരാജയപ്പെട്ടിട്ടില്ല.

ലോകകപ്പിൽ ആതിഥേയരെ തോൽപിക്കാൻ ക്രൊയേഷ്യക്കായിട്ടുമില്ല. ചരിത്രം റഷ്യക്ക് അനുകൂലം. റാങ്കിംഗിൽ റഷ്യ 70ആമതും ക്രൊയേഷ്യ 20 ആം സ്ഥാനത്തുമാണ്. അവസാന രണ്ട് ക്വാർട്ടറിലേയും വിജയികൾ രണ്ടാം സെമിയിൽ നേർക്കുനേരെത്തും.>