Asianet News MalayalamAsianet News Malayalam

അവസാന നിമിഷം കെയ്ന്‍ മാജിക്, ഇംഗ്ലണ്ടിന് ജയം

  • നായകന്‍റെ കളിയുമായി ഹാരി കെയ്ന്‍
  • ഇംഗ്ലണ്ടിന് വിജയം
england vs tunisia full match report
Author
First Published Jun 19, 2018, 1:25 AM IST

വോള്‍ഗോഗ്രാഡ്: സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തെ അവസാന നിമിഷത്തെ ഗോളില്‍ മറികടന്ന ഇംഗ്ലണ്ടിന് ലോകകപ്പില്‍ ആവേശജയം. ഹാരി കെയ്ന്‍ എന്ന നായകന്‍റെ മികവില്‍ ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യയെയാണ് ഇംഗ്ലീഷ് പട പരാജയപ്പെടുത്തിയത്. സ്കോര്‍ 2-1. ഒരു ഗോള്‍ വീതം അടിച്ച് സമനില പാലിച്ച് കളിയുടെ ഇഞ്ചുറി ടെെമിലാണ് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്‍റെയും തന്‍റെയും രണ്ടാം ഗോള്‍ സ്വന്തമാക്കുന്നത്.

ഇതിന് മറുപടി നല്‍കാനുള്ള സമയം ടുണീഷ്യക്ക് ബാക്കിയില്ലായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ഇംഗ്ലണ്ടിന് വിനയായത്. അല്ലെങ്കില്‍ ഇതിലും വലിയ ജയം പേരിലെഴുതാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. യുവ സംഘവുമായി ലോകകപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. മൂന്നാം മിനിറ്റില്‍ ജെസെ ലിംഗാര്‍ഡിന്‍റെ ഷോട്ട് ടുണീഷ്യന്‍ ഗോള്‍ കീപ്പര്‍ മോയിസ് ഹസന്‍ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.

ഇതിന് ശേഷവും കളി ടൂണീഷ്യന്‍ ബോക്സിനുള്ളിലെ വിടവുകള്‍ ലക്ഷ്യമാക്കി തന്നെയാണ് മുന്നേറിയത്. ഇംഗ്ലീഷ് നിരയുടെ അതിവേഗത്തിന് മുന്നില്‍ ടൂണീഷ്യന്‍ താരങ്ങള്‍ക്ക് ഓടിയെത്താനാകാതെ പോയതോടെ ഹാരി കെയ്നും കൂട്ടരും നിരന്തരം ആക്രമണവുമായെത്തി. കളിയുടെ ഒഴുക്ക് പോലെ തന്നെ 11-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആദ്യ ഗോള്‍ സ്വന്തമാക്കി. ആഷ്‍ലി യംഗ് തൊടുത്ത കോര്‍ണറില്‍ സ്റ്റോണ്‍സിന്‍റെ കരുത്തന്‍ ഹെഡര്‍ വലയിലേക്ക് പാഞ്ഞെങ്കിലും ഹസന്‍ തട്ടിയകറ്റി.

റീബൗണ്ട് ചെയ്ത് വന്ന പന്ത് ഹാരി കെയ്ന്‍റെ കാലില്‍. മിന്നുന്ന ഫോമിലുള്ള താരത്തിന് ആളൊഴിഞ്ഞ വലിയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ. സ്റ്റോണ്‍സിന്‍റെ ഹെഡ‍ര്‍ തടയുന്നതിനിടെ പരിക്കേറ്റ ഹസന്‍ പുറത്തു പോയതോടെ ടൂണീഷ്യ മാനസികമായി തളര്‍ന്നു. ഇത് മുതലാക്കി ഇംഗ്ലീഷ് പട ടൂണീഷ്യന്‍ ബോക്സിലേക്ക് ഇരച്ച് കയറി. പക്ഷേ, ഫിനിഷിംഗില്‍ വരുത്തിയ പിഴവുകള്‍ അവരുടെ രണ്ടാം ഗോള്‍ എന്ന സ്വപ്നത്തെ അകറ്റി.

ഇതിനിടെ ജോര്‍ദാന്‍ പിക്ഫോര്‍ഡിനെ പരീക്ഷിക്കാന്‍ ടൂണീഷ്യന്‍ താരങ്ങളും ശ്രമിക്കുന്നുണ്ടായിരുന്നു. 34-ാം മിനിറ്റില്‍ അതിനുള്ള ഗുണവും ലഭിച്ചു. ഫക്രുദ്ദീന്‍ ബെന്‍ യൂസഫിനെ കെെല്‍ വാല്‍ക്കര്‍ കെെമുട്ട് കൊണ്ട് ഇടിച്ചു വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഫെര്‍ജാനി സാസിക്ക് പിഴച്ചില്ല. ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ടിനും സമ്മര്‍ദമായി.

ലോകകപ്പില്‍ ഇതുവരെ യൂറോപ്യന്‍ ടീമിനെ തോല്‍പ്പിച്ചിട്ടില്ലാത്ത ടൂണീഷ്യ അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 39-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ട് ഗോളിന് അടുത്ത് വരെയെത്തി. യംഗ് എടുത്ത ഫ്രീകിക്കില്‍ ആദ്യം മാഗ്യൂറിനും ഡെലെ അലിക്കും സ്റ്റോണ്‍സിനും അവസരങ്ങള്‍ വന്നെങ്കിലും കരുതലോടെ നിന്ന ടൂണീഷ്യന്‍ പ്രതിരോധം പിടിച്ചു നിന്നു. 44-ാം മിനിറ്റില്‍ ലിംഗാര്‍ഡിന്‍റെ ശ്രമം ഗോള്‍കീപ്പറെ മറികടന്നെങ്കിലും ഗോള്‍ പോസ്റ്റ് വില്ലനായി.

ആദ്യ പകുതിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടാണ് ടുണീഷ്യ വീണ്ടുമിറങ്ങിയത്. ഓരോ താരങ്ങള്‍ക്ക് കൃത്യമായ ദൗത്യം നിര്‍വഹിക്കാനുണ്ടായിരുന്നു. സമയം മുന്നേട്ട് പോകുമ്പോള്‍ ഇംഗ്ലീഷ് ടീമിനെ കൂടുതല്‍ സമ്മര്‍ദമായി. ഇതോടെ ലഭിച്ച അവസരങ്ങളൊന്നും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. ഹാരി കെയ്ന്‍ ഇടയ്ക്കിടെ പന്തുമായി കുതിച്ചെത്തുമെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല.

ആദ്യ പകുതിയില്‍ കളി നിയന്ത്രിച്ച ഇംഗ്ലണ്ട്, നിഴല്‍ മാത്രമായി രണ്ടാം പകുതിയില്‍ ഒതുങ്ങി. ഇതോടെ ശ്രദ്ധേയ നീക്കങ്ങളൊന്നും ഇംഗ്ലീഷ് പടയ്ക്ക് മെനഞ്ഞെടുക്കാന്‍ സാധിച്ചില്ല. അലിക്ക് പകരം റാഷ്ഫോര്‍ഡ് ഇറങ്ങിയതോടെ വീണ്ടും ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളുണ്ടായി. പക്ഷേ, സമനിലയുടെ കെട്ട് രൊട്ടിയില്ല.  പക്ഷേ, ഇഞ്ചുറി സമയത്ത് ഹാരി കെയ്ന്‍റെ പ്രതിഭ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. ട്രിപ്പര്‍ തൊടുത്ത് വിട്ട കോര്‍ണര്‍ മാഗ്യൂയറിന്‍റെ തലയില്‍ തട്ടി വന്നപ്പോള്‍ ആദ്യ ഗോള്‍ നേടിയ പോലെ ഫിനിഷ് ചെയ്യേണ്ട ബാധ്യത മാത്രമായിരുന്നു കെയ്നിന് ഉണ്ടായിരുന്നത്. ആദ്യ ലോകകപ്പ് കളിക്കുന്ന ഇംഗ്ലീഷ് നായകന് സ്വപ്ന സമാനമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios