ട്രംപിന്‍റെ ഓഫീസില്‍നിന്നെത്തിയ കത്ത് തിരുത്തി അധ്യാപിക

അറ്റ്ലാന്‍റ: വൈറ്റ് ഹൗസില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഒപ്പോടുകൂടി കൈപ്പറ്റിയ കത്തിലെ ഗ്രാമര്‍ മിസ്റ്റേക്കുകള്‍ വെട്ടി തിരുത്തി തിരിച്ചയച്ച് അധ്യാപിക. റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അധ്യാപകനായ യുവോനെ മാസണ്‍ എന്ന 61 കാരിയാണ് വൈറ്റ് ഹൗസില്‍നിന്നെത്തിയ കത്ത് സ്വതസിദ്ധമായ അധ്യാപക ശൈലിയില്‍ പേനകൊണ്ട് വെട്ടിത്തിരുത്തിയും അടയാളപ്പെടുത്തിയും തിരിച്ചയച്ചത്. 

മെയ് മൂന്നിനാണ് കത്ത് അയച്ചിരിക്കുന്നത്. മെയിലില്‍ ലഭിച്ച കത്തിന്‍റെ പ്രിന്‍റ് എടുത്തതിന് ശേഷമാണ് മാസണ്‍ വെട്ടിത്തിരുത്തിയത്. പരീക്ഷാ പേപ്പര്‍ വെട്ടിത്തിരുത്തും വിധത്തിലായിരുന്നു അത്. തുടര്‍ന്ന് ഫോട്ടോ എടുത്ത മാസണ്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഫ്ലോറിഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട 17 കുട്ടികളുടെയും വീട് സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് മാസണ്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതിയത്. അദ്ദേഹം ഈ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും അറ്റ്ലാന്‍റ സ്വദേശിയായ മാസണ്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ലഭിച്ച മറുപടി കത്തില്‍ താന്‍ ഉന്നയിച്ച ആവശ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നില്ല. പകരം അവര്‍ നടത്തിയ മീറ്റിംഗുകളെ കുറിച്ചും കൊണ്ടുവന്ന നിയമത്തെ കുറിച്ചുമാണ് പറയുന്നതെന്നും മാസണ്‍ പറ‌ഞ്ഞു.