ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീമംഗങ്ങളെ പുറത്തെത്തിക്കുന്നത് വൈകും
ബാങ്കോക്ക്: തായ്‍ലൻഡിൽ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീമംഗങ്ങളെ പുറത്തെത്തിക്കുന്നത് വൈകും. കനത്ത മഴയെ തുടർന്ന് ഗുഹയ്ക്കകത്ത് ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയതാണ് രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നത്. ഗുഹയ്ക്കകത്ത് പ്രാണവായുവിന്റെ തോത് കുറയുന്നതും ആശങ്ക കൂട്ടുന്നു
പതിമൂന്നംഗ ഫുട്ബോൾ ടീമിനെ താം ലുവാങ് ഗുഹയ്ക്കകത്ത് കണ്ടെത്തി അഞ്ച് ദിവസമാകുന്പോഴും അവരെ പുറത്തെത്തിക്കാനാകാത്തതിന്റെ ആശങ്കയിലാണ് രക്ഷാപ്രവർത്തകർ. കുട്ടികൾക്കും അവരുടെ പരിശീലകനും നീന്തൽ വശമില്ലാത്തതാണ് പുറത്തെത്തിക്കാനുള്ള പ്രധാന തടസം. ഇവരെ നീന്തൽ പഠിപ്പിക്കുന്നതിനും ശ്വസിക്കാൻ പരിശീലിപ്പിക്കുന്നതിനുമുള്ള ദൗത്യം പുരോഗമിക്കുകയാണ്.
എന്നാൽ ഇതിൽ എത്രകണ്ട് വിജയിക്കുമെന്നതിൽ ആശങ്കയുണ്ട്. ഗുഹയ്ക്കകത്ത് നിന്ന് വെള്ളം പന്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം മഴ തകർത്തു പെയ്തതോടെ വീണ്ടും വെള്ളം നിറഞ്ഞു. ഗുഹാമുഖത്ത് നിന്ന് നാലു കിലോമീറ്റർ ഉള്ളിലുള്ള കുട്ടികൾക്ക് പുറത്തെത്തണമെങ്കിൽ നീന്തലറിഞ്ഞേ തീരൂ. ഇതിനൊപ്പം ഗുഹയ്ക്കകത്ത് ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മുങ്ങൽ വിദഗ്ധൻ ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഓക്സിജന്റെ ലഭ്യതക്കുറവാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തിരക്കുകൂട്ടി സംഘത്തെ പുറത്തേക്ക് കൊണ്ടുവരുന്നത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് ദൗത്യ സംഘത്തിനുള്ളത്.
കുട്ടികൾ ആരോഗ്യം വീണ്ടെടുത്തതാണ് ഇതിനിടയിലും ആശ്വാസം നൽകുന്നത്. സമാന്തരമായി തുരങ്കങ്ങൾ ഉണ്ടാക്കി മലമുകളിൽ നിന്ന് കുട്ടികൾക്കടുത്ത് എത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിൽ ചില തുരങ്കങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നതാണെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രദേശത്തെ ഗവർണർ വ്യക്തമാക്കി.
മലയുടെ ഉപരിതലത്തിൽ നിന്ന് അരകിലോമീറ്ററിലേറെ ഉള്ളിലുള്ള കൂട്ടികളുടെ അടുത്തേക്ക് പാറ തുരന്നെത്താനാണ് ശ്രമം. ചില തുരങ്കങ്ങൾ അതിനടുത്ത് വരെയെത്തിയായി സൂചനയുണ്ട്. പതിനഞ്ച് ദിവസങ്ങളായിട്ടും കുട്ടികളെ പുറത്തെത്തിക്കാനാകാത്തതിൽ രക്ഷിതാക്കളും ആശങ്കയിലാണ്.
