പാലക്കാട്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത പേരില്‍ മലബാര്‍ സിമന്റ്‌സ് എംഡി ഉള്‍പ്പെടെയുള്ളവരെ മാറ്റേണ്ടതില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മാത്രമേ നടപടി സ്വീകരിക്കേണ്ട ആവശ്യമുള്ളൂവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മലബാര്‍ സിമന്റ്‌സില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി
രാവിലെ 11 മണിയോടെ മലബാര്‍ സിമന്റ്‌സിലെത്തിയ വ്യവസായ മന്ത്രി ഇപി ജയരാജന്‍, എംഡി. പത്മകുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ഉദ്യോഗസ്ഥരുമായുള്ള കൂടികാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. മലബാര്‍ സിമന്റ്‌സിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.വിജിലന്‍സ് കേസിന്റെ പേരില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കരുതെന്ന് മന്ത്രി പറഞ്ഞു.
എം.ഡി അടക്കം 7 പേര്‍ക്കെതിരെയാണ് മലബാര്‍ സിമന്റ്‌സില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നത്.മറ്റുവകുപ്പുകളില്‍ അന്വേഷണം നേരിടുന്നവര്‍ മാറി നില്‍ക്കുന്നുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ വകുപ്പുകളിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം.മന്ത്രി എ.കെ ബാലനും വ്യവസായ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. രാവിലെ കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്റെ മുഖാമുഖം പരിപാടിയിലും മന്ത്രി പങ്കെടുത്തു.
