കോട്ടയം: ഇടതുപക്ഷം നിര്‍വഹിക്കുന്ന ഭരണകാര്യങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചാല്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഞങ്ങളും മനുഷ്യരാണ്. ആ ബോധത്തോടുകൂടിത്തന്നെ എല്ലാ പ്രശ്നങ്ങളെയും സമീപിക്കും.

അങ്ങനെ സമീപിച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ ശരിയും ഐശ്വര്യ സമ്പുഷ്ടവും ജനക്ഷേമകരവുമായ ഒരു ഭരണം കേരളത്തിന് കാഴ്ചവെയ്ക്കുമെന്നും ജയരാജന്‍ കോട്ടയത്ത് പറഞ്ഞു. ബന്ധു നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് മറുപടിയെന്ന നിലയിലാണ് ജയരാജന്റെ പ്രസ്താവന.

വ്യവസായ വകുപ്പിന്റെ തലപ്പത്ത് പി കെ ശ്രീമതിയുടെ മകനും ഇ പി ജയരാജന്റെ ബന്ധുവുമായ പി കെ സുധീറിനെ നിയമിച്ചത് വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.ഇത് കൂടാതെ ജയരാജന്റെ സഹോദരന്‍ റിട്ട. എസ്.ഐ: ഇ.പി. ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ് സിറാമിക്‌സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു.