സൗദിയിൽ ഇനി വേതനത്തിൽ ലിംഗവിവേചനമില്ല; സ്ത്രീക്കും പുരുഷനും ഒരേ ശന്പളം

റിയാദ്: സൗദിയിൽ ഇനി വേതനത്തിൽ ലിംഗവിവേചനമുണ്ടാകില്ല. ഒരേ തസ്തികയിൽ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഒരേ ശന്പളം നൽകണമെന്ന് ഷൂറാ കൗൺസിൽ; തൊഴിൽമന്ത്രാലയത്തിന്‍റെ ഉത്തരവിട്ടു. സ്വകാര്യ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനവും ആനുകൂല്യങ്ങളും അനുവദിക്കണമെന്നായിരുന്നു സൗദി ശൂറാ കൌണ്‍സിലിന് മുന്നിലുണ്ടായിരുന്ന നിര്‍ദേശം. 

കൗണ്‍സിലിന്റെ സോഷ്യല്‍ അഫൈഴ്സ് കമ്മിറ്റി ഈ നിര്‍ദേശത്തിനു അംഗീകാരം നല്‍കി. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു കൗണ്‍സില്‍ ഇതുസംബന്ധമായ നിര്‍ദേശം നല്‍കും. തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കുന്നതോടെ തൊഴില്‍ മേഖലയില്‍ സ്ത്രീക്കും പുരുഷനും ഇടയിലുള്ള വിവേചനം അവസാനിക്കും. ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് ഒരേ ശമ്പളമായിരിക്കും.

ശൂറാ കൌണ്‍സിലില്‍ അംഗങ്ങളായ ലത്തീഫ ശഅലാന്‍, മവാദി അല്‍ ഖലഫ് എന്നിവരാണ് ഇതുസംബന്ധമായ നിര്‍ദേശം കൗണ്സിലിന് സമര്‍പ്പിച്ചത്. സ്ത്രീക്കും പുരുഷനുമിടയില്‍ ഒരു വിവേചനവും പാടില്ല എന്ന പൊതു തത്വത്തിനു വിരുദ്ധമാണ് ആനുകൂല്യങ്ങളിലെ വിവേചനമെന്നു അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ മേഖലയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. പല മേഖലകളിലും സമ്പൂര്‍ണ വനിതാവല്‍ക്കരണം നടപ്പിലാക്കുകയും ചെയ്തു.