കര, ജലം എന്ന വേർതിരിവില്ലെന്നും ഭൂമിയിലെ എല്ലാ ജീവിവർഗ്ഗങ്ങളുടെയും മെച്ചപ്പെട്ട ക്ഷേമജീവിതമാണ് ഉദ്ദേശിക്കുന്നതെന്നും കോടതി.
ഉത്തരാഖണ്ഡ്: മനുഷ്യന് മാത്രമല്ല ജന്തുലോകത്തിലെ എല്ലാ ജീവികള്‍ക്കും മനുഷ്യനോടൊപ്പം തുല്യാവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് കോടതി വിധി. ഇതിന് കര, ജലം എന്ന വേർതിരിവില്ലെന്നും ഭൂമിയിലെ എല്ലാ ജീവിവർഗ്ഗങ്ങളുടെയും മെച്ചപ്പെട്ട ക്ഷേമജീവിതമാണ് ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 21 -ാം വകുപ്പ് വ്യാഖ്യാനിച്ചാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിമാരായ രാജീവ് ശർമ്മ, ലോക്പാല്‍ സിംഗ് എന്നിവരുടെ വിധി. മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഈ വകുപ്പില്‍ പരാമർശിക്കുന്ന ' ജീവന്‍ ' എന്നതില്‍ കരയിലും വെള്ളത്തിലുമുള്ള ജന്തുലോകത്തിലെ സമസ്ത ജീവികളും ഉള്‍പ്പെടുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ കോടതി പറഞ്ഞു.
നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കുതിരകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് നാരായണ്‍ദത്ത് ഭട്ട് നല്‍കിയ ഹർജിയിലാണ് കോടതി വിധി. കുതിര മാത്രമല്ലെന്നും ലോകത്തിലെ മൊത്തം ജീവിവർഗ്ഗങ്ങള്‍ക്കും ജീവിക്കുവാനുള്ള അവകാശത്തില്‍ തുല്യനീതി ഉണ്ടെന്നും ഇവരുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ കോടതി സ്വയം തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം ചരക്ക് കടത്താന്‍ ഓരോ മൃഗത്തിനെകൊണ്ടും എടുപ്പിക്കാവുന്ന ഭാരത്തിന്‍റെ അളവും ഹൈക്കോടതി നിർദ്ദേശിച്ചു.
