എർദോഗന്റെ സഖ്യകക്ഷിയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് കിട്ടിയതും വിമർശന വിധേയമാവുകയാണ്.
തുർക്കി തെരഞ്ഞെടുപ്പിൽ തയിബ് എർദോഗന്റെ വിജയത്തിൽ അഭിപ്രായഭിന്നതകളും ആരോപണങ്ങളും തുടരുന്നു. അട്ടിമറിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ പടിഞ്ഞാറൻ നേതാക്കൾ പ്രതികരിക്കാൻ മടിക്കുകയാണ്.
എർദോഗന്റെ വിജയത്തോടെ രാജ്യത്തിനുള്ളിലെ ഭിന്നതകൾ രൂക്ഷമാകുകയാണ്. 53 ശതമാനം വോട്ട് നേടിയ എർദോഗന്റെ പിന്നാലെ പ്രധാന പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഇൻസിന് കിട്ടിയത് വെറും 31 ശതമാനം വോട്ടാണ്. എർദോഗന്റെ സഖ്യകക്ഷിയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് കിട്ടിയതും വിമർശന വിധേയമാവുകയാണ്. പക്ഷേ യഥാർത്ഥ മുസ്ലിംകൾ വിജയിച്ചു എന്നാണ് എർദോഗന്റെ അനുയായികളായ യാഥാസ്ഥിതികരുടെ പക്ഷം. രാജ്യത്തിന്റെ സമ്പദ്രഗം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എർദോഗന് മാത്രമേ കഴിയൂ എന്നുമവർ വാദിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മാധ്യമ പ്രവർത്തകരടക്കം സർക്കാരിന്റെ വിമർശിച്ചിരുന്നവരെല്ലാം ജയിലിലാണ്.
കഴിഞ്ഞ വർഷം അംഗീകരിക്കപ്പെട്ട ഭരണഘടനാ ഭേദഗതി എർദോഗന് നൽകുന്നത് പരിധികളില്ലാത്ത അധികാരമാണ്, ഉന്നത ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും ജഡ്ജിമാരേയും നിയമിക്കാനും രാജ്യത്തിന്റെ നിയമവ്യസ്ഥയിൽ ഇടപെടാനുമുള്ള അധികാരം പ്രസിഡന്റിന് നൽകുന്നതാണ് ഭരണഘടനാ ഭേദഗതി. രാജ്യത്തിന്റെ സ്ഥാപകനേതാവായ അതാതുർക്കിനോളം ശക്തനാകുകയാണ് ഇതോടെ എർദോഗൻ. 2023വരെയാണ് ഭരണകാലം. ഭരണഘടനാ ഭേദഗതി അനുസരിച്ച് മൂന്നാമൂഴത്തിനും എർദോഗന് തടസമില്ല. റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുചിനാണ് എർദോഗനെ പ്രശംസിച്ച ലോകനേതാക്കളിൽ പ്രമുഖൻ, പ്രതികരിക്കാൻ മടിക്കുകയാണ് പടിഞ്ഞാറൻ രാഷ്ട്രങ്ങൾ.
