പ്രശ്നം പഠിച്ച് ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം
തൃശൂര്: തൃശൂര് കൊടുങ്ങല്ലൂര് എറിയാട് കടല്ഭിത്തി ഉടൻ നിര്മ്മിക്കുമെന്ന് തീരദേശവാസികള്ക്ക് കളക്ടര് ടി വി അനുപമയുടെ ഉറപ്പ്. കടല്ഭിത്തി ഇല്ലാത്തതിനാല് വീടുകളിലേക്ക് വെള്ളം അടിച്ചുകയറി ഇവരുടെ ജീവിതം ദുസ്സഹമാണ്. കൊടുങ്ങല്ലൂര് എറിയാട് കടല്ഭിത്തി വേണമെന്നത് കഴിഞ്ഞ 10 വര്ഷമായുളള നാട്ടുകാരുടെ ആവശ്യമാണ്. ഓഖി ദുരന്തമുണ്ടായപ്പോഴും ഇതേ ആവശ്യവുമായി അധികൃതരുടെ മുന്നിലെത്തി. പതിവ് ഉറപ്പ് നല്കുന്നതിനപ്പുറം ഒന്നും നടന്നില്ല. ഒടുവില് തീരദേശവാസികളുടെ പ്രശ്നം പരിഹരിക്കാൻ കളക്ടര് ടി.വി അനുപമ നേരിട്ടെത്തി.
എറിയാട് കടപ്പുറത്തെത്തിയ കളക്ടര്ക്കു മുന്നില് കടല്ക്ഷോഭം മൂലം വീടും മറ്റു വിലപിടിപ്പുളളതെല്ലാം നഷ്ടപ്പെട്ടവര് തങ്ങളുടെ ദുരിതങ്ങളുടെ കെട്ടഴിച്ചു. റവന്യൂ ഉദ്യോഗസ്ഥരെ കുറിച്ച് പറയാൻ പരാതികളേറെയായിരുന്നു. പ്രശ്നം പഠിച്ച് ഉടൻ റിപ്പോര്ട്ട് സമര്പ്പിക്കാൻ കളക്ടര് റവന്യു ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. എറിയാട് പഞ്ചായത്തിലെ കടൽക്ഷോഭ ബാധിതരാണ് ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസ് കവാടം തടഞ്ഞ് നാലര മണിക്കൂർ ഉപരോധസമരം നടത്തിയത്. രാവിലെ പത്തരയ്ക്ക് ആരംഭിച്ച സമരം ജില്ലാ കലക്ടർ അനുപമ നേരിട്ടെത്തി നടത്തിയ ചർച്ചക്കൊടുവിൽ മൂന്ന് മണിയോടെ അവസാനിച്ചു.
ദേശീയപാത ഉപരോധത്തെ തുടർന്ന് തൃശൂർ - എറണാകുളം ജില്ലകളുടെ തീരമേഖല പൂർണ്ണമായും സ്തംഭിച്ചു. ജില്ലാ കലക്ടർ നേരിട്ടെത്തി സംസാരിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച സമരക്കാർ മറ്റ് റവന്യു ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ വിസമ്മതിച്ചു. രാവിലെ പത്ത് മണി കഴിഞ്ഞ് സംഘടിതരായി എത്തിയ തീരദേശവാസികൾ മുന്നറിയിപ്പില്ലാതെ ഹൈവെ ഉപരോധിക്കുകയായിരുന്നു തുടക്കത്തിൽ തഹസിൽദാർ വി.ജെ.ഷംസുദ്ധീൻ അനുരഞ്ജന ശ്രമം നടത്തിയെങ്കിലും സമരക്കാർ വഴങ്ങിയില്ല. രണ്ട് മണിക്കൂർ കഴിഞ്ഞ് ആർ.ഡി.ഒ എത്തിയെങ്കിലും ഒത്തുതീർപ്പിന് തീരദേശവാസികൾ തയ്യാറായില്ല.
തുടക്കം മുതൽക്കെ സർക്കിൾ ഇൻസ്പെക്ടർ പി.സി.ബിജു കുമാറിന്റെയും, എസ്.ഐ.വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ബലപ്രയോഗത്തിന് മുതിർന്നില്ല. ഒടുവിൽ രണ്ടരയോടെ കലക്ടർ അനുപമ എത്തുകയും സമരക്കാരുടെ ആവശ്യപ്രകാരം കടപ്പുറം സന്ദർശിക്കുകയും ചെയ്തു. തുടർന്ന്, സമരക്കാരുമായി നടത്തിയ ചർച്ചയിൽ കടൽക്ഷോഭത്തെ നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും, ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം താത്ക്കാലിക തടയണ ഉൾപ്പടെയുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്നും കലക്ടർ ഉറപ്പു നൽകി. കലക്ടറുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചതോ നാലര മണിക്കൂർ നീണ്ട ദേശീയപാത സ്തംഭനത്തിന് പരിസമാപ്തിയായി.
