കല്‍പ്പറ്റ: വയനാട് മേപ്പാടി ചുളിക്കയില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. എ.വി.ടി എസ്റ്റേറ്റിലെ തൊഴിലാളിയായ മണിയെയാണ് കാട്ടാന കൊന്നത്. രാവിലെ ആറരയ്ക്കാണ് സംഭവം. തൊഴിലാളികള്‍ക്കാവശ്യമായ വെള്ളം തുറന്ന് വിടാന്‍ പോയതായിരുന്നു മണി. ഇതിനിടെയാണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്.

കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം നീക്കാനനുവദിക്കാതെ പ്രതിഷേധിച്ചത് അല്‍പ്പനേരത്തേക്ക് സംഘര്‍ഷത്തിനിടയാക്കി. മണിയുടെ കുടുംബത്തിന് വനംവകുപ്പ് അഞ്ച് ലക്ഷം രൂപയും, ഇന്‍ഷുറന്‍സില്‍ നിന്ന് ഒരു ലക്ഷം രൂപയും നല്‍കും. 

ഇതിന് പുറമെ നാല് ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.