പാക് അധീന കശ്‍മീരില്‍ മിന്നലാക്രമണം ഉണ്ടായപ്പോഴും,അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം ശക്തമാകുമ്പോഴും പഞ്ചാബ് സര്‍ക്കാര്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടാറുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നിര്‍ദ്ദേശങ്ങളെങ്കിലും കൃഷിയും കന്നുകാലി വളര്‍ത്തലും മാത്രം വരുമാനമാര്‍ഗമായുള്ള ഗ്രാമവാസികള്‍ക്ക് അത് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. എന്നാല്‍ ഗ്രാമവാസികളോട് സുരക്ഷിതരായി ഇരിക്കാന്‍ മാത്രമാണ് ആവശ്യപ്പെടാറുള്ളതെന്നും ഒഴിഞ്ഞ് പോകാന്‍ പറയാറില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ തങ്ങള്‍ക്ക് എതിരായവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് അനാവശ്യമായി ഗ്രാമവാസികളോട് ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ പറയുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഗ്രാമവാസികള്‍ ഇല്ലാത്ത സമയത്ത് ഉദ്യോഗസ്ഥര്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ ചെല്ലാറുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.