ആകെ 4,358 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 401 ഉം ദളിത് വിഭാഗത്തില്‍പ്പെട്ട സ്ക്രീകള്‍ക്കെതിരായ അതിക്രമമാണ്

അഹമദാബാദ്: ഗുജറാത്തില്‍ പ്രതിദിനം രണ്ടും അതില്‍ കൂടുതലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നുവെന്ന് കണക്കുകള്‍. അഹമദാബാദ് സിറ്റി പൊലീസിന് കീഴിലാണ് ഏറ്റവുമധികം പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 621 കേസുകളാണ് അഹമദാബാദ് സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് 2013 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 4,358 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവില്‍ 1,404 സത്രീകള്‍ കൊല്ലപ്പെട്ടുവെന്നും ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിയമസഭയില്‍ ബ്രിജേഷ് മെര്‍ജ എംഎല്‍എയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് സര്‍ക്കാര്‍ കേസിന്‍റെ വിവരങ്ങള്‍ വ്യക്തമാക്കിയത്.

ആകെ 4,358 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 401 ഉം ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ്. 1404ല്‍ 51 ദളിത് സ്ത്രീകള്‍ കൊല്ലപ്പെട്ടു. 4,358 പീഡനക്കേസുകളില്‍ 55 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇരയാക്കപ്പെട്ടത്. ആകെ, 6,333 പ്രതികളാണ് മേല്‍പ്പറഞ്ഞ കാലയളവില്‍ പീഡനക്കേസുകളില്‍ അറസ്റ്റിലായത്.