Asianet News MalayalamAsianet News Malayalam

തമിഴ്നാട് നിയമസഭയിൽ നാടകീയരംഗങ്ങൾ

Evicted from TN assembly DMK MLAs stage road roko court arrest
Author
First Published Jun 14, 2017, 1:18 PM IST

ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ടിന് കോഴ വാങ്ങിയെന്ന വിവാദത്തിൽ തമിഴ്നാട് നിയമസഭയിൽ നാടകീയരംഗങ്ങൾ. വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ പ്ലക്കാർഡുകളുയർത്തിയും നോട്ടുകൾ സഭയിൽ വലിച്ചെറിഞ്ഞും എംഎൽഎമാരുടെ പേരിൽ ലേലം വിളിച്ചും പ്രതിഷേധിച്ചു. തുടർന്ന് സ്റ്റാലിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സഭയ്ക്ക് പുറത്ത് റോഡിൽ കുത്തിയിരുന്ന ഡിഎംകെ അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. 

വിശ്വാസവോട്ടിന് പത്ത് കോടി രൂപ വരെ എംഎൽഎമാർ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തൽ പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ സഭയിലുന്നയിച്ചതും സ്പീക്കർ പി ധനപാൽ വിഷയത്തിന് അവതരണാനുമതി നിഷേധിച്ചു. ഒളിക്യാമറാദൃശ്യങ്ങളിലുണ്ടായിരുന്ന എംഎൽഎ ശരവണൻ മാധ്യമങ്ങളോട് വിശദീകരണം നൽകിയതിനാൽ വീണ്ടും വിഷയം സഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. 

തുടർന്ന് സ്റ്റാലിൻ ശ്രദ്ധ ക്ഷണിയ്ക്കൽ പ്രമേയത്തിന് അനുമതി തേടിയെങ്കിലും അതും നിഷേധിയ്ക്കപ്പെട്ടു. തുടർന്നായിരുന്നു നാടകീയമായി ഡിഎംകെ എംഎൽഎമാർ എംഎൽഎമാർ വിൽപനയ്ക്ക് എന്നെഴുതിയ ബോർഡുമായി ബഹളം തുടങ്ങിയത്. രണ്ടായിരത്തിന്‍റെ നോട്ടുകൾ സഭയിൽ വലിച്ചെറിഞ്ഞ ഡിഎംകെ എംഎൽഎമാർ പരസ്യമായി അണ്ണാ ഡിഎംകെ എംഎൽഎമാരെ ലേലം വിളിച്ച് പരിഹസിച്ചു.

തുടർന്ന് സ്റ്റാലിനെ പുറത്താക്കാൻ സ്പീക്കർ സുരക്ഷാ ഗാർഡുകൾക്ക് നിർദേശം നൽകി. ഇതിൽ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങൾ സ്റ്റാലിന്‍റെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങി റോഡ് ഉപരോധിച്ചു. തമിഴ്നാട്ടിൽ ജനാധിപത്യം കൊല ചെയ്യപ്പെട്ടെന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കും മുൻപ് സ്റ്റാലിൻ പറഞ്ഞു.

ബഹളത്തിനിടെ ജിഎസ്ടി ബില്ല് നിയമസഭ പാസ്സാക്കി. അണ്ണാ ഡിഎംകെയിലെ മൂന്ന് അണികളിലെയും ഒരംഗം പോലും ബില്ലിനെ എതിർത്തില്ലെന്നത് ശ്രദ്ധേയം. മൂന്നാഴ്ച കൂടി നിയമസഭാ സമ്മേളനം തുടരും. 

Follow Us:
Download App:
  • android
  • ios