കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ ശക്തമായ തെളിവുകളുമായി രണ്ട് പേര്‍ പൊലീസിന്‍റെ പിടിയിലായതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. രണ്ട് ദിവസം മുമ്പ് യാദൃശ്ചികമായാണ് ഇവര്‍ പൊലീസിന്‍റെ പിടിയില്‍പ്പെടുന്നതെന്നാണ് സൂചന. ഇതോടെയാണ് ദിലീപിന്‍റെ അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടികളിലേക്ക് പൊലീസിനെ നയിച്ചത്.

കഴിഞ്ഞ കുറേദിവസങ്ങളായി ഫോണ്‍ സംഭാഷണങ്ങളും ദിലീപിന്‍റെ മൊഴിയും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദിലീപിനെ വിളിച്ചുവരുത്തിയും വീട്ടില്‍ പോയും പൊലീസ് മൊഴിയെടുത്തിരുന്നു. അന്വേഷണം നീണ്ടപ്പോള്‍ സുപ്രധാന വിവരങ്ങള്‍ കിട്ടി. ദിലീപിന്‍റെ സുഹൃത്തുക്കള്‍, പണമിടപാടുകള്‍ തുടങ്ങിയവയിലേക്കും അന്വേഷണം നീണ്ടു. വിവിധ തെളിവുകള്‍ കിട്ടിയിരുന്നെങ്കിലും ഇവ തമ്മില്‍ കോര്‍ത്തിണക്കാനുള്ള ശക്തമായ തെളിവിന്‍റെ അഭാവമായിരുന്നു അറസ്റ്റ് വൈകിയതിനു പിന്നിലെന്നാണ് അറിയുന്നത്.

റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് സംഭവത്തിനു പിന്നിലെന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ നാദിര്‍ഷയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ദിലീപ് പിടിച്ചു നിന്നെങ്കിലും നാദിര്‍ഷ പതറിയിരുന്നു.

ഇതിനിടെ പൊലീസ് ഒരു ദൂതനെ ഉപയോഗിച്ച് നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിച്ചെങ്കിലും നാദിര്‍ഷ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് നിര്‍ണായക തെളിവായി രണ്ടുപേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലാകുന്നത്.

ഇന്നു രാവിലെ മുതല്‍ ദിലീപ് പൊലീസ് കസ്റ്റഡയിലായിരുന്നു. എറണാകുളത്തിനു പുറത്തുള്ള രഹസ്യകേന്ദ്രത്തിലായിരുന്നു ദിലീപിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.