ജലന്തർ ബിഷപ്പിനെതിരായ ബലാൽസംഗ പരാതി കന്യാസ്ത്രീക്കെതിരായ സഭയുടെ വാദം പൊളിയുന്നു കന്യാസ്ത്രീ വത്തിക്കാനെ ആദ്യം അറിയിച്ചിരുന്നു പിന്നീടാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കന്യാസ്ത്രീക്കെതിരായ സഭയുടെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ആദ്യം വത്തിക്കാനില്‍ പരാതി നല്‍കിയിരുന്നു എന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിന്നീടാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. മെയിലും ജൂണിലും കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. ബിഷപ്പ് തന്റെ കുടുംബത്തിനെതിരെ വ്യാജ പരാതി നൽകിയെന്ന് കത്തിൽ കന്യാസ്ത്രീ അറിയിച്ചിരുന്നു. ജൂണ്‍ 22 ന് വത്തിക്കാന് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കന്യാസ്ത്രീ ആഭ്യന്തര അന്വേഷണവുമായി സഹകരിച്ചില്ലെന്ന സഭയുടെ വാദവും തെറ്റാണെന്നാണ് ഇതോടെ തെളിയുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചു കൊണ്ട് കന്യാസ്ത്രീ സഭക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് കത്തയച്ചത്. തന്‍റെ പരാതിയിലും ബിഷപ്പ് ഉന്നയിച്ച വാദങ്ങളിലും മറുപടി നൽകാൻ തയ്യാറെന്ന് ബലാത്സംഗത്തിനിരയായ കന്യാസ്ത്രീ കത്തിലൂടെ സഭയെ അറിയിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ പച്ച കള്ളമാണെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷ എന്നും കന്യാസ്ത്രീ കത്തില്‍ കുറിക്കുന്നു. തന്നെ മഠത്തിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി സംശയമുണ്ടെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നുണ്ട്.
അതേസമയം, കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം നീക്കം തുടങ്ങി. ബിഷപ്പ് രാജ്യം വിട്ട് പോകാതിരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ വിവരം.
