ആരോപണങ്ങളെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണ്. പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. കരാർ തീർത്തും സുതാര്യമാണ്. തന്‍റെ ഭാഗം കേൾക്കാതെയാണ് 'ദി ഹിന്ദു' വാർത്ത പുറത്തുവിട്ടതെന്നും മോഹൻകുമാർ.

കൊച്ചി: റഫാൽ ഇടപാടിൽ പ്രതിരോധവകുപ്പിന്‍റെ ഫയലിൽ വിയോജനക്കുറിപ്പ് എഴുതിയതിൽ ഒരു അസ്വാഭാവികതയുമില്ലെന്ന് മുൻ പ്രതിരോധസെക്രട്ടറി ജി മോഹൻ കുമാർ. വിയോജനക്കുറിപ്പ് പുറത്തു വന്നതിന് പിന്നാലെ ഉണ്ടായ ആരോപണങ്ങളെല്ലാം കൃത്രിമമാണ്. റിപ്പോർട്ടിൽ എഴുതിയ സാഹചര്യം വേറെയാണ്. അതിലേക്ക് പ്രധാനമന്ത്രിയുടെ പേര് വലിച്ചിഴക്കേണ്ടതില്ല. കരാർ തീർത്തും സുതാര്യമാണെന്നും ജി മോഹൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇടപാടിൽ അംബാനിയുടെ ഇടപെടലുണ്ടെന്നത് വെറും പൊള്ളയായ ആരോപണമെന്നാണ് മോഹൻ കുമാർ പറയുന്നത്. ഇതിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ഒരു പങ്കുമില്ല. ആരോപണങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണ്. ഒരു പിഴവും കണ്ടെത്താനാകാത്ത സുതാര്യമായ കരാറാണ് റഫാൽ ഇടപാടിന്‍റേത്. സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്നും ജി മോഹൻകുമാർ വിശദീകരിച്ചു. 

രണ്ട് സർക്കാരുകൾ തമ്മിലുള്ള കരാർ ആയതിനാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതിൽ അസ്വാഭാവികതയില്ലെന്നും മോഹൻകുമാർ പറയുന്നു. മുൻപ് അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിൽ പിഎംഒ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും മോഹൻകുമാർ വെളിപ്പെടുത്തുന്നു. 

റഫാൽ ഇടപാടിലെ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ഇടപാടുകളെക്കുറിച്ച് ഓര്‍മയില്ലെന്ന് നേരത്തെ മോഹന്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന് അറിഞ്ഞ മോഹന്‍കുമാര്‍ ഇക്കാര്യത്തിലുള്ള അതൃപ്തി രേഖാമൂലം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ അറിയിച്ചിരുന്നതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Read More: റഫാൽ വിവാദം; പ്രതികരിക്കാൻ ഇല്ലെന്ന് മോഹൻ കുമാർ, 'ഫയലിൽ എഴുതിയ പശ്ചാത്തലം ഓ‌ർക്കുന്നില്ല'