Asianet News MalayalamAsianet News Malayalam

ചിദംബരത്തിന് തിരിച്ചടി; ഐഎൻഎക്സ് മീഡിയ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കേന്ദ്ര നിയമമന്ത്രാലയമാണ് ചിദംബരത്തെ ഐഎൻഎക്സ് മീഡിയ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകിയത്. 

ex finance minister p chidambaram to be prosecuted in inx media case
Author
Delhi, First Published Feb 3, 2019, 6:00 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി. കേന്ദ്രനിയമമന്ത്രാലയമാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ചിദംബരത്തിന്‍റെ മകൻ കാ‍ർത്തി ചിദംബരം കേസിൽ പ്രതിയാണ്.

ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞയാഴ്ചയാണ് സിബിഐ, കേന്ദ്ര നിയമ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കിയ കേന്ദ്രം, വിചാരണാ നടപടികളുമായി മുന്നോട്ട് പോകാന്‍ സിബിഐക്ക്  അനുമതി നല്‍കിയിരിക്കുകയാണ്.  

യുപിഎ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച് അധികാരദുർവിനിയോഗം നടത്തി ഐഎൻഎസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങി.

ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്നാണ് സിബിഐ പറയുന്നത്.

ചിദംബരത്തിന്‍റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്  ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടുവെന്നും സിബിഐ പറയുന്നു.

കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്ക് ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തതോടെയാണ് സിബിഐ കാര്‍ത്തിയെ അറസ്റ്റ്  ചെയ്തത്.

Follow Us:
Download App:
  • android
  • ios