നഗരസഭ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനൊപ്പം സ്ഥലം എം.എല്‍.എ കെ.ആന്‍സലനുമാണ് പങ്കെടുക്കുന്നത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ് തലേ ദിവസം ഉദ്ഘാടനം ചെയ്ത് മുന്‍ എം.എല്‍.എ ആര്‍.ശെല്‍വരാജ്. താന്‍ മുന്‍കൈയെടുത്ത് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലായിരുന്നു ശെല്‍വരാജിന്റെ പ്രതിഷേധം.

നെയ്യാറ്റിന്‍ക്കര താലൂക്കിലെ ഇരുമ്പില്‍ പഞ്ചിക്കാട് അരുവിപ്പുറം റോഡിന്റെ ഉദ്ഘാടനമാണ് തിങ്കളാഴ്ച നിശ്ചയിച്ചിരക്കുന്നത്. നഗരസഭ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനൊപ്പം സ്ഥലം എം.എല്‍.എ കെ.ആന്‍സലനുമാണ് പങ്കെടുക്കുന്നത്. എന്നാല്‍ മുന്‍ എം.എല്‍.എ ശെല്‍വരാജും കോണ്‍ഗ്രസ് നേതൃത്വവും ഒരു മുഴം മുന്നേ നീങ്ങി. നോട്ടീസിലും പോസ്റ്ററിലും പേര് ഉള്‍പ്പെടുത്തതതിന്റെ പ്രതിഷേധ സൂചകമായി തലേദിവസം ഉദ്ഘാടനം നടത്തുകയായിരുന്നു. പ്രഖ്യാപനം ശെല്‍വരാജിന്റെ കാലത്താണെങ്കിലും ഫണ്ട് അനുവദിച്ചത് പിന്നീടുള്ളവരാണെന്നാണ് നഗരസഭാ ചെയര്‍പേഴ്‌സണിന്റെ വിശദീകരണം. പ്രതിഷേധ ഉദ്ഘാടനം കഴിഞ്ഞ റോഡിന്റെ ഓദ്യോഗിക ഉദ്ഘാടനത്തിന് മന്ത്രിയെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.