കഴിഞ്ഞ ദിവസം ദില്ലിയിലെ പ്രശ്സ്ത ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽവച്ച് മുൻ എംപിയും ബിഎസ്പി നേതാവുമായ രാകേഷ് പാണ്ഡെയുടെ മകൻ ആഷിശ് പാണ്ഡേ യുവതിക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ദില്ലി: യുവതിക്ക് നേരെ പരസ്യമായി തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ കേസിൽ മുൻ എംപിയുടെ മകന്‍ കോടതിയിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം ദില്ലിയിലെ പ്രശ്സ്ത ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽവച്ച് മുൻ എംപിയും ബിഎസ്പി നേതാവുമായ രാകേഷ് പാണ്ഡെയുടെ മകൻ ആഷിശ് പാണ്ഡേ യുവതിക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ആശിഷിനെതിരെ കോടതി ബുധനാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ആശിഷ് പാണ്ഡേ രംഗത്തെത്തി. സുരക്ഷയുടെ ഭാഗമായാണ് താൻ തോക്ക് ചൂണ്ടിയത്. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്, അതാണ് കീഴടങ്ങിയത്. ഇതുവരെ തന്റെ പേരിൽ ഒരു ക്രിമിനൽ കേസ് പോലുമില്ലെന്നും ആശിഷ് പറഞ്ഞു. ഒരു ഭീകരവാദിയെ പോലെയാണ് പൊലീസ് തന്നെ പൊതുജനങ്ങൾക്ക് മുന്നിൽ കാണിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രാജ്യത്തുടനീളം അന്വേഷണവും നടത്തി. ആരാണ് സ്ത്രീകളുടെ ടോയ്ലറ്റിൽ പോയതെന്നും, ആര് ആരെയാണ് ഭീഷണിപ്പെടുത്തിയതെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൻ മനസ്സിലാകും. തോക്ക് തന്റെ കൈവശം എപ്പോഴും ഉണ്ടാകും. സംഭവം നടന്ന ദിവസം തോക്ക് യുവതിക്കുനേരെ ചൂണ്ടിയിട്ടില്ല. കൈയ്യിൽ വയ്ക്കുക മാത്രമാണ് ചെയ്തെന്നും ആശിഷ് കൂട്ടിച്ചേർത്തു.
യുവതിക്കെതിരെ തോക്ക് ചൂണ്ടി മുൻ എംപിയുടെ മകൻ -വീഡിയോ
ഒക്ടോബർ 14 പുലർച്ചെ 3.40ന് പാർട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ആശിഷും യുവതിയുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് ആഷിശ് യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സുഹൃത്തും ഹോട്ടൽ ജീവനക്കാരും ചേർന്ന് ആഷിശിനെ പിടിച്ച് മാറ്റുന്നുതും ദൃശ്യങ്ങളിൽ കാണാം.
ഹോട്ടൽ അധികൃതർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് ആശിഷ് പാണ്ഡെ ഒഴിവിൽ പോയിരുന്നു. ആയുധം കൈവശം വച്ചതിനുള്ള വകുപ്പുകൾ മാത്രമാണ് പൊലീസ് ആദ്യം ചുമത്തിയിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി.
ലക്നൗ സ്വദേശിയായ ആശിഷിന്റെ സഹോദരൻ റിതേഷ് പാണ്ഡെ ഉത്തർപ്രദേശിൽ എംഎൽഎയാണ്.
