വാജ്പേയിയുടെ ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. സെൻട്രൽ ഹാളിൽ പ്രധാന സ്ഥലത്ത് തന്നെ വാജ്പേയിയുടെ ചിത്രം വരണം - ഇതായിരുന്നു ബിജെപിയുടെ നിർദ്ദേശം. പാർലമെന്‍റ് കാര്യ സഹമന്ത്രി വിജയ് ഗോയൽ സ്ഥലം കണ്ടെത്തി. ഈ ചരിത്ര ഹാളിൽ പ്രധാന വേദിയുടെ ഇടതു വശത്ത് ലാലാ ലജ്‍പത് റായിയുടെ ചിത്രത്തിനു തൊട്ടടുത്താണ് വാജ്പേയിയുടെ ചിത്രം അനാച്ഛാദനം ചെയ്യുന്നത്. ഇതിനായി ലജ്‍പത് റായിയുടെ ചിത്രം അൽപം വലത്തോട്ട് ഒതുക്കി. രണ്ടു ചിത്രങ്ങൾ വയ്ക്കാനുള്ള ഇടം കണ്ടെത്തി.

ചരിത്രം ഏറെ കണ്ടതാണ് സെൻട്രൽ ഹാൾ. ഭരണഘടനാ ചർച്ചകളും അംഗീകാരവും ഉൾപ്പടെ. രാഷ്ട്രപതിയുടെ എല്ലാ വർഷവുമുള്ള ഒരു പ്രസംഗം. അപൂർവ്വമായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകൾ. ഇവ മാത്രമാണ് സെൻട്രൽ ഹാളിൽ നടക്കുന്നത്. ഇരു സഭകളുടെയും സംയുക്ത സെഷൻ ഉണ്ടെങ്കിൽ ഇവിടെയാണ് ചേരേണ്ടത്. വാജ്പേയിയുടെ ഭരണകാലത്താണ് അത്തരമൊരു സംയുക്ത സമ്മേളനം മുമ്പ് വിളിച്ചു ചേർത്തത്. ഇരുസഭകളിലെയും എംപിമാർ ഒന്നിച്ചു വന്നിരിക്കുന്നത് ഈ ഹാളിലാണ്. മുൻ എംപിമാർക്കും ഇവിടെ പ്രവേശനം ഉണ്ട്. ഒപ്പം ദീർഘകാലം സഭ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കും.

സെൻട്രൽഹാളിൽ ആരുടെയാക്കെ ചിത്രം വയ്ക്കാം എന്നതിന് നിയമം ഒന്നുമില്ല. ഭരിക്കുന്ന പാർട്ടികളുടെ താല്പര്യമാണ് പ്രധാനം. ഇപ്പോൾ 24 ചിത്രങ്ങൾ ഹാളിലുണ്ട്. കൂടുതൽ ചിത്രങ്ങൾ വയ്ക്കാൻ സ്ഥല പരിമിതിയുമുണ്ട്. അതിനാലാണ് ലാലാ ലജ്‍പത് റായിയുടെ ചിത്രം ഒരു വശത്തേക്ക് നീക്കി വാജ്പേയിക്ക് സ്ഥലം ഉണ്ടാക്കേണ്ടി വന്നത്.

നിലവിൽ ആരുടെയൊക്കെ ചിത്രങ്ങൾ സെൻട്രൽ ഹാളിലുണ്ട്?

1. മഹാത്മാ ഗാന്ധി 2. സുഭാഷ് ചന്ദ്രബോസ് 3. സി രാജഗോപാലാചാരി 4. ബാലഗംഗാധര തിലക് 5. ബി ആർ അംബേദ്ക്കർ 6. ലാലാ ലജ്‍പത് റായി 7. ദാദാഭായി നവ്റോജി 8. മദൻമോഹൻ മാളവ്യ 9. മോത്തിലാൽ നെഹ്റു 10 രാജേന്ദ്ര പ്രസാദ് 11 മൗലാന അബ്ദുൾ കലാം ആസാദ് 12 രബീന്ദ്രനാഥ് ടാഗോർ 13. ജവർഹർലാൽ നെഹ്റു 14. സർദാർ വല്ലഭായി പട്ടേൽ 15. ചിത്തരഞ്ജൻ ദാസ് 16. ശ്യാമപ്രസാദ് മുഖർജി 17. വി ഡി സവർക്കർ 18. ലാൽ ബഹദൂർ ശാസ്ത്രി 19. ഇന്ദിരാ ഗാന്ധി 20. റാം മനോഹർ ലോഹ്യ 21. ചൗധരി ചരൺ സിംഗ് 22. സരോജിനി നായിഡു 23. മൊറാർജി ദേശായി 24. രാജീവ് ഗാന്ധി

ഇന്ത്യ കണ്ട മികച്ച പാർലമെൻറേറിയൻമാരിൽ ഒരാളായ എബി വാജ്പേയി ഇരുപത്തിയഞ്ചാമനായി എത്തുന്നു. എന്നാൽ മൺമറഞ്ഞ എല്ലാ മുൻപ്രധാനമന്ത്രിമാർക്കും സെൻട്രൽ ഹാളിൽ സ്ഥാനം കിട്ടിയിട്ടില്ല. വിപി സിംഗ്, ചന്ദ്രശേഖർ, പിവി നരസിംഹറാവു എന്നിവർക്കായി വാദിക്കാൻ ഇന്ന് അനുയായികളില്ല എന്നതാവും കാരണം.