ലുധിയാന: വിമുക്ത ഭടന്‍ മദ്യഷാപ്പ് ജീവനക്കാരുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചു. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. മോഗയില്‍ സമല്‍സര്‍ എന്ന സ്ഥലത്തെ ബാര്‍ ജീവനക്കാരും ഉടമകളും ചേര്‍ന്നാണ് വിമുക്ത ഭടനെ മര്‍ദ്ദിച്ചുകൊന്നത്. ചീഡ ഗ്രാമവാസിയായ ബീന്‍ത് സിംഗ് എന്ന നാല്‍പ്പതുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. മദ്യം വാങ്ങാനെത്തിയ ബിന്‍ത് സിംഗിനെ, ചില്ലറ ഇല്ലെന്ന കാരണത്താലാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സാന്ത് റാം എന്ന ജീവനക്കാരാണ് ആദ്യം ബീന്‍ത് സിംഗിനെ മര്‍ദ്ദിച്ചത്. ഹോക്കി സ്റ്റിക്കും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ക്രൂരമായി മര്‍ദ്ദനമേറ്റ ബിന്‍ത് സിംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സാന്ത് റാം, ജഗ്ദീപ് സിംഗ്, ജീത് സിംഗ് എന്നീ മുന്നു പേരെ സല്മല്‍സര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു. ബീന്‍ത് സിംഗിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌ക്കരിച്ചു.