തിരുവനന്തപുരം: ഉഴപ്പന്‍മാരെ ചെക്‌പോസ്റ്റില്‍ നിയോഗിക്കണമെന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സര്‍ക്കുലറിനെതിരെപ്രതിഷേധം ശക്തം. ഉദ്യോഗസ്ഥരില്‍ ജോലി മികവ് തെളിയിക്കാത്തവരെയും, ഉഴപ്പി ജോലി ചെയ്യുന്നവരെയും ചെക്‌പോസ്റ്റുകളില്‍ നിയോഗിക്കണമെന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ വിവാദ ഉത്തരവിലുള്ളത്.

ഫീല്‍ഡില്‍ പോയി ജോലി ചെയ്യാന്‍ താത്പര്യമില്ലാത്തവരായ പ്രിവന്റീവ് ഓഫീസര്‍മാരുടെയും, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും,വിവരങ്ങള്‍ നല്‍കണമെന്ന് ആണ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ മാസം 25നാണ് വിവാദ സര്‍ക്കുലര്‍ വന്നത്. പട്ടിക എടുക്കാനുള്ള നടപടികളിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഇതനുസരിച്ച് സര്‍ക്കുലറിലുള്ള പ്രകാരം കഴിവിനനുസരിച്ച് ചെക്‌പോസ്റ്റുകളില്‍ നിയമിക്കും.

ഇതിനെതിരെ ഇടുക്കി ജില്ലയിലെ ഒരു ഹോട്ടലില്‍ ജീവനക്കാര്‍ യോഗം ചേര്‍ന്നു. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. കൂടാതെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശകമ്മീഷനെയും സമീപിച്ചിട്ടുണ്ട്. ചെക്‌പോസ്റ്റില്‍ ജോലി ചെയ്യുന്ന മികച്ച ഉദ്യോഗസ്ഥരെ പോലും അപമാനിക്കുന്നതാണ് സര്‍ക്കുലറെന്നാണ് ആക്ഷേപം.

ഹോട്ടലില്‍ നടന്ന യോഗത്തക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അതേസമയം ജീവനക്കാരെ കാര്യക്ഷമയുള്ളവരാക്കി മാറ്റാനാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം.