സംസ്ഥാനത്ത് 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കുന്നത്. ഈ മാസം 11നാണ് ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും നഗര പരിധിയിലുള്ള മദ്യശാലകള്‍ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ്.

എന്നാല്‍ കോടതി ഉത്തരവിന് പിന്നാലെ തിടുക്കപ്പെട്ട് ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അതൃപ്തിയുണ്ട്. സുപ്രധാന വിഷയങ്ങളില്‍ കോടതി വിധിയുണ്ടായാല്‍ അതിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കിട്ടിയതിന് ശേഷമേ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാറുള്ളൂവെന്നും ഇക്കര്യത്തില്‍ തിടുക്കം കാണിച്ചതില്‍ അതൃപ്തിയുണ്ടെന്നുമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.